ചെന്നൈ മെട്രോയുടെ ബ്ലൂ ലൈനിൽ സാങ്കേതിക തകരാർ മൂലം ട്രെയിൻ സബ്‌വേയിൽ കുടുങ്ങി. വൈദ്യുതി ബന്ധം നഷ്ടമായതിനെ തുടർന്ന് പത്ത് മിനിറ്റിന് ശേഷം യാത്രക്കാരോട് ടണലിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലേക്ക് പോകാൻ അധികൃതർ നിർദേശിച്ചു. 

ചെന്നൈ: ചെന്നൈ മെട്രോ ട്രെയിൻ സബ്‌വേയിൽ കുടുങ്ങിയതിനെ യാത്രക്കാർ പ്രതിസന്ധിയിലായി. ഏറെനേരം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് യാത്രക്കാർ റെയിൽവേ ട്രാക്കിലൂടെ നടന്ന് പുറത്ത് കടന്നു. വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് ചെന്നൈ മെട്രോ റെയിലിന്റെ ബ്ലൂ ലൈനിൽ ചൊവ്വാഴ്ച പുലർച്ചെ സാങ്കേതിക തടസ്സമുണ്ടായത്. വൈദ്യുതി ബന്ധം നഷ്ടമായതോടെയാണ് ട്രെയിൻ നിലച്ചതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. 10 മിനിറ്റ് കാത്ത് നിന്ന ശേഷം 500 മീറ്റർ അകലെയുള്ള അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് നടക്കാൻ ആവശ്യപ്പെട്ട് ഒരു അറിയിപ്പ് വന്നതായി യാത്രക്കാർ പറയുന്നു. 

വീഡിയോയിൽ, യാത്രക്കാർ ക്യൂവിൽ നിൽക്കുന്നതും തുരങ്കത്തിലൂടെ നടക്കുന്നതും കാണാം. വൈദ്യുതി തടസ്സമോ സാങ്കേതിക തകരാറോ ആകാം തടസ്സത്തിന് കാരണമായത്. വിഷയത്തിൽ അധികൃതർ മറുപടി നൽകിയിട്ടില്ല. അതേസമയം, സേവനങ്ങൾ സാധാരണ നിലയിലായതായി ചെന്നൈ മെട്രോ റെയിൽ എക്‌സിൽ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും മെട്രോ അധികൃതർ വ്യക്തമാക്കി.