Asianet News MalayalamAsianet News Malayalam

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ; ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യേക കോടതി

ഹൈക്കോടതി നിർദ്ദേശിച്ചാൽ ജാമ്യഹർജി കേൾക്കാം എന്നും ജ‍ഡ്ജി വ്യക്തമാക്കി. 

chennai special court says to approach high court bail plea minister senthil balaji sts
Author
First Published Aug 30, 2023, 5:32 PM IST

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യക കോടതി നിർദ്ദേശം. ഹൈക്കോടതി നിർദ്ദേശിച്ചാൽ ജാമ്യഹർജി കേൾക്കാം എന്നും ജ‍ഡ്ജി വ്യക്തമാക്കി. മന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഒഴിഞ്ഞുമാറിയ നിലപാടാണ് ചെന്നൈയിലെ രണ്ടു കോടതികൾ സ്വീകരിച്ചത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലിയും എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജി രവിയുമാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത്. മന്ത്രിയോട് ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക കോടതി നിർദേശിച്ചു. ജാമ്യഹർജി പരിഗണിക്കാൻ പ്രത്യേക കോടതിക്ക് അധികാരം ഉണ്ടോയെന്നു ഹൈക്കോടതി  വ്യക്തമാക്കട്ടെ എന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്തയും ഈ മാസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇഡി വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽവെച്ച് അശോകിനെ ഇഡി കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോർട്ടുകൾ. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാർത്തകുറിപ്പ് പുറത്തിറക്കി.

നേരത്തെ സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഇഡി സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഹെബിയസ് കോർപ്പസ് ഹർജി നൽകിയ ശേഷമാണ്. ശനിയാഴ്ച സെന്തിൽ ബാലാജിക്കെതിരെ ഇഡി ചെന്നൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 3000- ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2011 മുതൽ 2015 വരെ ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു സെന്തിൽ ബാലാജി. അന്ന് ഗതാഗത മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് ബാലാജിക്കെതിരെ കേസ് എടുത്തതും പിന്നീട് ഇ ഡി  എറ്റെടുക്കുന്നതും. 2018-ലാണ് ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെയിൽ എത്തിയത്. 2021 -ൽ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച് സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായി. അതിന് ശേഷമാണ് ബാലാജിക്കെതിരെയുള്ള അഴിമതി കേസ് ഇഡി ഏറ്റെടുക്കുന്നത്.

നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ഇദ്ദേഹം. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറിയിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്നും ബാലാജിയെ നീക്കാൻ സ്റ്റാലിൻ തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യൽ തുടരുന്നു; 200 ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഇഡി, ശനിയാഴ്ച വരെ ചോദ്യം ചെയ്യും

Follow Us:
Download App:
  • android
  • ios