ഒക്ടോബർ 13നാണ് 20-കാരിയായാ സത്യ പ്രിയ അതി ദാരുണമായി കൊല്ലപ്പെടുന്നത്. സത്യക്ക് പരിചയമുണ്ടായിരുന്ന 23 കാരനായ സതീഷ് എന്നയാൾ ട്രെയിൻ അടുത്തുവരികെ മുന്നിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്തുകയായിരുന്നു

ചെന്നൈ: ഒക്ടോബർ 13നാണ് 20-കാരിയായാ സത്യ പ്രിയ അതി ദാരുണമായി കൊല്ലപ്പെടുന്നത്. സത്യക്ക് പരിചയമുണ്ടായിരുന്ന 23 കാരനായ സതീഷ് എന്നയാൾ ട്രെയിൻ അടുത്തുവരികെ മുന്നിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ സെന്റ് തോമസ് മൌണ്ട് റെയിൽവേ സ്റ്റേഷനിലായിരുന്നു തമിഴകത്തെ ആകെ ഞെട്ടിച്ച കൊലപാതകം നടന്നത്. ടി നഗറിലെ ജെയിൻ കോളേജിൽ ബിഎസ്സി വിദ്യാർത്ഥിനിയായിരുന്ന സത്യയെ കഴിഞ്ഞ ഒരു വർഷമായി സതീഷ് ഉപദ്രവിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

തന്നെ ശല്യം ചെയ്യുന്നതിനെ കുറിച്ച് രണ്ട് തവണ മമ്പലം പൊലീസിലും മൌണ്ട് പൊലീസ് സ്റ്റേഷനിലുമായി പരാതി നൽകിയിരുന്നു സത്യ. എന്നാൽ ഈ പരാതികളൊന്നും പൊലീസ് ചെവികൊണ്ടിരുന്നില്ലെന്നാണ് ആരോപണം. സത്യയുടെയും സതീഷിന്റെയും രക്ഷിതാക്കൾ പൊലീസ് സേനയുടെ ഭാഗമായതിനാൽ അത് ഒത്തുതീർപ്പിലേക്കെത്തുകയായിരുന്നു. സതീഷിന്റെ പിതാവ് റിട്ടയേഡ് സ്പെഷ്യൽ സബ് ഇൻസ്പെക്ടറായിരുന്നു. ആഡമ്പാക്കം പൊലീസ് സ്റ്റേഷനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇതേ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു സത്യയുടെ അമ്മ. സത്യയും സതീഷും ഒരേ പ്രദേശത്തായിരുന്നു താമസിച്ചിരുന്നതും. പൊലീസ് ഒത്തുതീർപ്പിലേക്ക് എത്തിയപ്പോഴും, സതീഷിന്റെ ഉപദ്രവം ഇല്ലാതാക്കാൻ ഒന്നും അവർ ചെയ്തില്ലെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

ശാന്തയും ഏറെ സഹൃദയയും ആയിരുന്നു സത്യ എന്ന് അയൽവാസികൾ ഓർക്കുന്നു. അത് സത്യയുടെ വീട് എന്ന നിലയിലായിരുന്നു പ്രദേശത്ത് അറിയപ്പെട്ടിരുന്നതു പോലും. ഒരാൾ തനിക്ക് ഇഷ്ടമല്ലെന്ന് പറയുമ്പോൾ അവരെ വെറുതെ വിടണം. എന്നാൽ സതീഷ് കരുതിയത് മറിച്ചാണ്. തനിക്ക് കിട്ടാത്ത അവളെ മറ്റാർക്കും കിട്ടരുതെന്ന് അവൻ കരുതി. അവൾ അവന് വേണ്ടി ജനിച്ചതാണോ? എന്നും അയൽവാസികൾ പ്രതികരിച്ചു.

കേസിലെ പ്രതി സതീഷ് പൊലീസിന്റെ പിടിയിലായിരുന്നു. ചെന്നൈ തൊരൈപാക്കത്തുവെച്ചാണ് സതീഷ് പൊലീസ് പിടിയിലായത്. മകളുടെ മരണത്തിന് പിന്നാലെ സത്യയുടെ അച്ഛന്‍ മാണിക്യം ആത്മഹത്യ ചെയ്തിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മാണിക്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. മദ്യത്തില്‍ വിഷം കലര്‍ത്തി കുടിച്ചാണ് മരിച്ചത്. 

Read more: പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട പ്രതി പിടിയില്‍, അച്ഛന്‍റേത് ആത്മഹത്യ, വിഷം കഴിച്ച് മരണം

തിരക്കേറിയ ചെന്നൈ സെന്‍റ് തോമസ് മൗണ്ട് സബ് അർബൻ സ്റ്റേഷനിലായിരുന്നു 13-ന് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. സത്യയുടെ പുറകെ ഏറെനാളായി പ്രണയാഭ്യർത്ഥനയുമായി പിന്തുടര്‍ന്നിരുന്ന സതീഷ്, ക്ലാസിന് ശേഷം മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സത്യയെ ഇയാൾ താംബരത്തുനിന്ന് എഗ്മോറിന് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിന് അടിയില്‍പ്പെട്ട് സത്യ തൽക്ഷണം മരിച്ചു. 

കൊലപാതകത്തിന് പിന്നാലെ സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ആർക്കും ഇയാളെ പിടികൂടാനായില്ല. റെയിൽവേ പൊലീസടക്കം പിന്നാലെ സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് തൊരൈപാക്കത്തുവെച്ച് പ്രതിയെ പൊലീസ് പിടികൂടിയത്.