ചെന്നൈ: കടുത്ത വരള്‍ച്ച തുടരുന്ന തമിഴ്നാട്ടില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ ചെന്നൈയിലെ നിരവധി ഹോട്ടലുകളും ഐടി കമ്പനികളും പൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. കുടിവെള്ള ക്ഷാമം നേരിടാന്‍ മേഖലകള്‍ തിരിച്ച് ജലവിതരണം കാര്യക്ഷമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ച്. ജലക്ഷാമം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ പരക്കുന്നുണ്ട്. ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി  ചെയ്യാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണ് - മന്ത്രി എസ്.പി.വേലുമണി പറഞ്ഞു. 

ജലക്ഷാമം ബാധിച്ച് തുടങ്ങിയെങ്കിലും നഗരത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കുടിവെള്ള ടാങ്കറുകളാണ് വെള്ളത്തിന് ആശ്രയം. ചില സ്വകാര്യ ടാങ്കറുകള്‍ വില കൂട്ടിയത് ചെറുകിട സംരംഭങ്ങളെ ബാധിക്കുന്നുണ്ട്. ചില ചെറുകിടഹോട്ടലുകള്‍ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു. ഇതോടെ സ്വകാര്യ ടാങ്കറുകള്‍ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ഐടി കമ്പനികളില്‍ ഉള്‍പ്പടെ ജലക്ഷാമം നേരിടുന്നുവെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. മേഖലകള്‍ തിരിച്ച് ജലവിതരണം ഉറപ്പ് വരുത്തുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ  കിഴക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ചെന്നൈയിലേക്ക് എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ് എല്ലാവരുടേയും പ്രതീക്ഷ. 

തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പേര്‍ ചെന്നൈയില്‍ നിന്ന് മടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തമിഴ്നാട് സര്‍ക്കാര്‍ തള്ളി. അതേസമയം അടുത്ത രണ്ട് ദിവസങ്ങളില്‍ ചെന്നൈയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് പ്രവചനം. വടക്കന്‍ തമിഴ്നാട്ടില്‍ ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്.രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ അമിതതാപത്തിനെതിരെ ജാ​ഗ്രത പുലർത്തണമെന്നും സർക്കാർ നിർദേശിച്ചു.