ചെന്നൈ: ബസ് ഡേ ആഘോഷത്തിനിടെ ബ്രേക്കിട്ട ബസിന് മുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് വീണു. വൈറലായി വീഡിയോ. കോളേജ് തുറക്കുന്ന ദിവസം ബസുകള്‍ പിടിച്ചെടുത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിനിടെ ഒഴിവായത് വന്‍ ദുരന്തം. ബസ് ഡേയുടം ഭാഗമായി നിരവധി വിദ്യാര്‍ത്ഥികളാണ് ബസിന് മുകളിലേക്ക് കയറിയത്. 

ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് ബസ് അപ്രതീക്ഷിതമായി ബ്രേക്കിട്ടത്. ഇതോടെ ബസിന് മുകളില്‍ കയറിയിരുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നിലേക്ക് നടുറോഡിലേക്ക് വീണു. ബസിനു മുകളിലും വിൻഡോ സീറ്റിൽ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങൾ വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാർഥികള്‍ അപകടത്തില്‍പ്പെടുന്ന വീഡിയോ പുറത്ത് വന്നു. 

വേനലവധിക്കു ശേഷം കോളജ് തുറക്കുന്ന ദിവസം സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിലാണ്  വിദ്യാർഥികളുടെ ഈ ആഘോഷം നടക്കാറ്. 2011– ൽ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയിരുന്നു. 24 പേരെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിസാര പരുക്കുകളോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.