ഭാര്യ ഭർത്താവിനെ 'കറുത്തവൻ' എന്നോ 'തടിയൻ' എന്നോ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യ ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവ് നൽകിയ ഹർജി കോടതി തള്ളി. ഭർത്താവിന് അവിഹിതബന്ധമുണ്ടെന്നും തന്നെ പീഡിപ്പിച്ചെന്നുമുള്ള ഭാര്യയുടെ വാദങ്ങൾ പരിഗണിച്ചാണ് വിധി.

റായ്‌പുർ: ഭാര്യ ഭർത്താവിനെ കറുത്തവൻ' എന്നോ 'തടിയൻ' എന്നോ പരിഹസിച്ച് വിളിക്കുന്നത് വിവാഹമോചനം അനുവദിക്കുന്നതിനുള്ള ക്രൂരതയായി കാണാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യ ക്രൂരമായി പെരുമാറിയെന്നും ഉപേക്ഷിച്ചു പോയെന്നും കാട്ടി യുവാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പാർത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സച്ചിൻ സിങ് രാജ്പുത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ്.

2019 മാർച്ച് 7-നാണ് ജാൻജ്ഗിർ-ചമ്പ സ്വദേശിയായ അക്ഷ് ഘോഷും (28) റായ്ഗഢ് സ്വദേശിയായ പൂജ സീതും (25) വിവാഹിതരായത്. വിവാഹശേഷം രണ്ടു മൂന്ന് മാസം മാത്രമാണ് ഭാര്യ ഒപ്പം താമസിച്ചതെന്നും, ഈ സമയത്ത് തന്റെ നിറത്തെയും ശരീരത്തെയും കളിയാക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഭർത്താവിന്റെ ആരോപണം. കൂടാതെ സമ്മതം കൂടാതെ ബന്ധുവിന്റെ വിവാഹത്തിന് പോവുകയും പിന്നീട് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി തിരികെ വരാൻ കൂട്ടാക്കിയില്ലെന്നും ഇയാൾ ഹർജിയിൽ വാദിച്ചു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ഭാര്യ കോടതിയിൽ നിഷേധിച്ചു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും, അത് ചോദ്യം ചെയ്തതോടെ ഇയാൾ മദ്യപിച്ചെത്തി ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. ഗർഭിണിയായിരുന്ന സമയത്ത് തനിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്നും, അസുഖം ബാധിച്ചതിനെ തുടർന്ന് സ്വന്തം അമ്മയാണ് ആശുപത്രിയിലാക്കിയതെന്നും യുവതി വ്യക്തമാക്കി. അസുഖം ഭേദമായ ശേഷം തിരികെ വീട്ടിലേക്ക് വിളിക്കാൻ ഭർത്താവും കുടുംബവും കൂട്ടാക്കിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

കേസിലെ തെളിവുകൾ പരിശോധിച്ച ഹൈക്കോടതി, ഭർത്താവിന് അദ്ദേഹം ഉന്നയിച്ച ക്രൂരതയോ ഉപേക്ഷിച്ചുപോകലോ തെളിയിക്കാൻ തക്ക വ്യക്തമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു. ഭാര്യ ഇത്തരത്തിൽ പരിഹസിച്ചു എന്ന ആരോപണം വിവാഹമോചനം അനുവദിക്കാൻ തക്ക ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസ് പരിഗണിച്ച കുടുംബ കോടതിയും ഭർത്താവിന്റെ വിവാഹമോചന ഹർജി തള്ളിയിരുന്നു. ഒപ്പം, ഭാര്യക്ക് മാതാപിതാക്കൾ നൽകിയ 'സ്ത്രീധന' വസ്തുക്കളും സമ്മാനങ്ങളും തിരികെ നൽകാനും കുടുംബ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിക്കുകയും ഭർത്താവ് നൽകിയ അപ്പീൽ തള്ളുകയും ചെയ്തു.