റായ്പൂര്‍: പീഡനക്കേസുകളിലെ പരാതിക്കാരികളെ അപമാനിക്കുന്ന പരാമര്‍ശവുമായി ഛത്തീസ്ഗഡ്  വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍. പ്രണയവും ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തകരുമ്പോഴാണ് ഭൂരിഭാഗം പെണ്‍കുട്ടികളും പീഡന പരാതിയുമായി വരുന്നതെന്നും പുരുഷന്മാര്‍ എപ്പോഴും കുറ്റക്കാരല്ലെന്നുമാണ് ഛത്തീസ്ഗഡ്  വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ കിരണ്‍മയി നായകിന്‍റെ പരാമര്‍ശം. ബിലാസ്പൂരില്‍ ജന്‍ സുന്‍വായി എന്ന പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകോട് സംസാരിക്കുകയായിരുന്നു കിരണ്‍മയി. 

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം ബന്ധം തകരുമ്പോഴാണ് മിക്കവരുടേയും പരാതിയെന്നും വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അന്തിമഫലം മംഗളമാവില്ലെന്ന് ഓര്‍ക്കണമെന്നും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു.  പതിനെട്ട് വയസ് കഴിയുമ്മതോടെ വിവാഹിതയായി കുട്ടിയായ ശേഷമാണ് ബന്ധത്തിലെ വിശ്വാസ്യതക്കുറവിനേക്കുറിച്ച് പരാതിയുമായി തങ്ങളുടെ പക്കല്‍ പെണ്‍കുട്ടികള്‍ എത്തുന്നതെന്നും അവര്‍ പറഞ്ഞതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. കമ്മീഷന്‍ കൈകാര്യം ചെയ്യുന്ന കേസുകളില്‍ ഏറിയ പങ്കും വിവാഹിതരായ പുരുഷന്മാരുമായി ബന്ധമുള്ള പെണ്‍കുട്ടികളുടേതാണ് എന്നാണ് കിരണ്‍മയി പറയുന്നത്. 

വിവാഹിതരായ പുരുഷന്മാരുമായുള്ള ബന്ധങ്ങളില്‍ അവര്‍ നുണ പറയുകയാണെന്ന് ബന്ധങ്ങളില്‍ ചെന്നുചാടുന്നതിന് മുന്‍പ് തന്നെ മനസിലാക്കേണ്ടത് പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമാണ്. അത്തരം ബന്ധങ്ങള്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലുമേ അവസാനിക്കൂ. അത്തരം ബന്ധങ്ങള്‍ വേദനിപ്പിക്കുന്നതുമാകും. സിനിമകളിലേതു പോലുള്ള പ്രണയ സങ്കല്‍പ്പങ്ങളില്‍ ഏര്‍പ്പെട്ട് ജീവിതം തുലയ്ക്കരുതെന്നാണ് പെണ്‍കുട്ടികളോടും കൌമാരക്കാരോടും പറയാനുള്ളത്. എല്ലാ സമയത്തും പുരുഷന്മാര് തെറ്റ് കാണിക്കുന്നത് എന്ന് പറയുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങളില്‍ പരാതിയുമായി എത്തുന്ന സ്ത്രീകളെ ശകാരിക്കാറുണ്ടെന്നും ഹിരണ്‍മയി പറഞ്ഞു. കിരണ്‍മയിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായാണ് ബിജെപി എത്തിയിരിക്കുന്നത്. വനിതാ കമ്മീഷനാണോ അതോ വനിതാ വിരുദ്ധ കമ്മീഷന്‍ ചെയര്‍ പേഴ്സണാണോ കിരണ്‍മയിയെന്നാണ് വിമര്‍ശനം.