ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ 17 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. അതിനാല്‍ തന്നെ ചിദംബരം തീഹാര്‍ ജയിലില്‍ തുടരും. അതേസമയം വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാന്‍ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു. ദിവസം രണ്ട് നേരം വീട്ടില്‍ നിന്നുള്ള സസ്യാഹാരം എത്തിക്കാമെന്ന് കോടതി വ്യക്തമാക്കി.

വലിയ ആരോഗ്യപ്രശ്നമുണ്ടെന്ന്ചൂണ്ടികാട്ടിയാണ് ചിദംബരം ഹര്‍ജി നല്‍കിയത്. ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഭാരം കുറഞ്ഞെന്ന് ചിദംബരം വ്യക്തമാക്കിയിരുന്നു. കസ്റ്റഡി കാലാവധിയില്‍ 4 കിലോയോളം ഭാരം കുറഞ്ഞെന്നാണ് ചിദംബരം അപേക്ഷയില്‍ ചൂണ്ടികാട്ടിയത്.

സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ് മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരം. ഐഎന്‍എക്സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. .

2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു അറസ്റ്റ്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.