ഹൈദരാബാദ്: ഹൈദരാബാദിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് മാസം പ്രായമായ കുട്ടി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ 2.55 ഓടെ ആശുപത്രിയിലിലെ നവജാതശിശുക്കള്‍ക്കായുള്ള ഐസിയുവി (എന്‍ഐസിയു)ലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റ നാല് കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 42 കുട്ടികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ എന്‍ഐസിയുവില്‍ ആയിരുന്നു. പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.