വഡോദര: ശക്തമായ മഴ തുടങ്ങിയതോടെ ഗുജറാത്തിലെ വഡോദരയില്‍ കഴിഞ്ഞ ദിവസം ഒരു രക്ഷാപ്രവര്‍ത്തനം നടന്നു. ശക്തമായ മഴയില്‍ പ്രദേശം മുഴുവന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനവാസ പ്രദേശത്ത് എത്തിപ്പെട്ട മുതലയെയാണ് ആളുകള്‍ മണിക്കൂറുകളോളം സമയമെടുത്ത് രക്ഷപ്പെടുത്തിയത്. നാല് പേരാണ് ശക്തമായ മഴയില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. 24 മണിക്കൂറിനുള്ളില്‍ 500 മില്ലി മീറ്റര്‍ മഴയാണ് വഡോദരയില്‍ ലഭിച്ചത്. 

നദികളില്‍ ജലനിരപ്പുയര്‍ന്നതോടെയാണ് മുതലകള്‍ ജനവാസപ്രദേശങ്ങളിലെത്തിയത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ത​ല​യെ ക​ണ്ട​താ​യും നഗരത്തിനടുത്തുകൂടി ഒഴുകുന്ന വിശ്വമിത്ര നദി കരകവി‌ഞ്ഞ് ഒഴുകിയതോടെയാണ് മുതലകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതെന്നുമാണ് റിപ്പോര്‍ട്ട്. 

മുതല, പ്രദേശത്തെ പട്ടികളെ കടിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുതല വെള്ളത്തില്‍ നിന്ന് പുറത്തുവന്നതോടെ ആളുകളിലൊരാള്‍ അതിന്‍റെ മുകത്ത് തുണി വിരിച്ചു. തുടര്‍ന്ന് അതിന് മുകളില്‍ കയറിയിരിക്കുകയും കുരുക്കിടുകയും ചെയ്തു. വനംവകുപ്പിന്‍റെയും എന്‍ജിഒ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. വനംവകുപ്പ് മൂന്ന് മുതലകളെ പിടികൂടി.