ബെയ്ജിംഗ്: കൊവിഡ് 19 വൈറസ് ബാധ നേരിടാന്‍ ഇന്ത്യക്ക് സഹായവുമായി ചൈന. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂ.

ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കി ചൈനയുടെ സഹായം എത്തിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചതായി ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിശ്രി അറിയിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുന്നതായി കണക്കുകള്‍.

കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1488 പേരാണ്.ഓരോ ദിവസവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്.

കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതിനിടെ രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.