സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകുകയുള്ളു. പ്രശ്ന പരിഹാരത്തിനായി ക്രിയാത്മകമായ പങ്ക് വഹിക്കാൻ ചൈന സന്നദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം

ദില്ലി : ഇന്ത്യാ പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ചൈന. ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ നിലവിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രശ്നങ്ങൾ രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകുകയുള്ളു. പ്രശ്ന പരിഹാരത്തിനായി ക്രിയാത്മകമായ പങ്ക് വഹിക്കാൻ ചൈന സന്നദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, പൌരന്മാർക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാർ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികൾ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൌരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.

നിലവിലെ സംഘർഷ സാഹചര്യത്തിൽ, ജമ്മു കശ്മീർ അടക്കം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് 
ചൈനയ്ക്ക് പുറമേ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂർ അടക്കം രാജ്യങ്ങളും പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപമുള്ള പ്രദേശങ്ങൾക്കുള്ള യാത്ര ചെയ്യരുതെന്നാണ് യുഎസ് പൗരന്മാർക്ക് നൽകിയ നിർദ്ദേശം.