Asianet News MalayalamAsianet News Malayalam

അരുണാചലിൽ നിന്ന് കാണാതായ പതിനേഴുകാരനെ ഇന്ത്യയിലെത്തിച്ച് ചൈനീസ് സൈന്യം

ബിജെപി എംപി താപിർ ഗാഓ ആണ് പതിനേഴുകാരനെ കാണാനില്ലെന്നും, ഈ കുട്ടിയെ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചുകൊണ്ടുപോയതെന്നും ആരോപിച്ച് രംഗത്തെത്തുന്നത്. ജനുവരി 18-നാണ് കുട്ടിയെ കാണാതായത്. 

Chinese army returned missing Arunachal youth Union minister Kiren Rijiju
Author
New Delhi, First Published Jan 27, 2022, 3:13 PM IST

ദില്ലി/ കിബിത്തു സെക്ടർ: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരൻ മിറം താരോണിനെ തിരികെയെത്തിച്ച് ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി. കിബിത്തു സെക്ടറിൽ വച്ച് രാവിലെ പത്തരയോടെയാണ് കുട്ടിയെ കൈമാറിയത്. കേന്ദ്രനിയമമന്ത്രിയും അരുണാചലിൽ നിന്നുള്ള ബിജെപി നേതാവുമായ കിരൺ റിജ്ജുവാണ് കുട്ടിയെ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിന് കൈമാറിയെന്ന വിവരം പുറത്തുവിട്ടത്. ഇത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളും ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 

''മെഡിക്കൽ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ചൈനീസ് പിഎൽഎ അരുണാചലിൽ നിന്നുള്ള ശ്രീ മിറം താരോൺ എന്ന കുട്ടിയെ കൈമാറിയിട്ടുണ്ട്'', കിരൺ റിജ്ജു ട്വീറ്റ് ചെയ്തു. 

ബിജെപി എംപി താപിർ ഗാഓ ആണ് പതിനേഴുകാരനെ കാണാനില്ലെന്നും, ഈ കുട്ടിയെ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചുകൊണ്ടുപോയതെന്നും ആരോപിച്ച് രംഗത്തെത്തുന്നത്. കുട്ടിയെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയെന്ന് മാതാപിതാക്കളും ആരോപിച്ചു. ജനുവരി 18-നാണ് കുട്ടിയെ കാണാതായത്. 

കുട്ടിയെ കാണാനില്ലെന്ന് പരാതിയുയർന്ന ഉടൻ അതിർത്തിയിൽ ചൈനീസ് സൈന്യം പരിശോധന നടത്തി, ബുധനാഴ്ച തന്നെ ചൈനീസ് അതിർത്തിക്ക് അപ്പുറം മിറം ഉണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ മിറത്തിനെ തിരികെയെത്തിക്കാനുള്ള യാത്ര വൈകുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിൽ നടത്തിയ ഹോട്ട്‍ലൈൻ ആശയവിനിമയത്തിലൂടെയാണ് കുട്ടിയെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കിയത്. ''സ്ഥലവും സമയവും അവർ എത്രയും പെട്ടെന്ന് അറിയിക്കും. കാലാവസ്ഥ മോശമായതിനാലാണ് കുട്ടിയുടെ തിരിച്ചുവരവ് വൈകുന്നത്'', കിരൺ റിജ്ജു അറിയിച്ചു. 

ചൈനീസ് ദേശീയദിനപ്പത്രമായ ഗ്ലോബൽ ടൈംസ് അനധികൃതമായി ചൈനീസ് അതിർത്തി കടന്നെത്തിയ ഇന്ത്യൻ പൗരനെ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം തിരികെ അയക്കാനുള്ള നടപടിക്രമങ്ങൾ സൈന്യം തുടങ്ങിയെന്ന് പിഎൽഎയുടെ വെസ്റ്റേൺ തീയറ്റർ കമാന്‍ററെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. 

''ചിലർ ചൈനീസ് സൈന്യം ഈ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു എന്നാണ് പറഞ്ഞത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത് എന്നതിനാൽ അടിയന്തരമായി ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ ബന്ധപ്പെട്ടു. എന്തെങ്കിലും കാരണവശാൽ കുട്ടി അതിർത്തി കടന്ന് പോയതാണോ, അതോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞു. കുട്ടിയ്ക്ക് വേണ്ടി തിരച്ചിൽ നടത്താമെന്നും, എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരികെയെത്തിക്കാമെന്നും പിഎൽഎ ഉറപ്പ് നൽകുകയും ചെയ്തു'', കിരൺ റിജ്ജു വ്യക്തമാക്കി. ജനുവരി 20-നാണ് കുട്ടിയെ കണ്ടെത്തിയതായി ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിന് വിവരം നൽകിയത്. കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും മറ്റും നൽകി കണ്ടെത്തിയത് മിറം താരോണിനെത്തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ തിരികെയെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. 

കുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കേണ്ടതിനാൽ ചൈനീസ് സൈന്യം കുട്ടിയെ കസ്റ്റഡിയിലെടുത്തു എന്നത് പോലെയുള്ള വാസ്തവവിരുദ്ധമായ തരത്തിലുള്ള പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കേണ്ടതാണെന്നും കിരൺ റിജ്ജു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios