ഹൈദരാബാദ്: ലോൺ ആപ്പ് തട്ടിപ്പ് കേസില്‍ ഒരു ചൈനീസ് സ്വദേശിയെ കൂടി തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളം വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനീസ് സ്വദേശിയായ ലാംബോയും സഹായിയും അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ചൈനാക്കാരുടെ എണ്ണം മൂന്നായി.

ഹൈദരാബാദ് കേന്ദ്രീകരിച്ച് 4 ആപ്പുകൾ വഴി അമിത പലിശ ഈടാക്കി വായ്പ നല്‍കിയിരുന്ന കമ്പനിയുടെ മേധാവിയായ ലാംബോ എന്നറിയപ്പെട്ടിരുന്ന സു വെയി, ഇയാളുടെ സഹായിയും കുർണൂല്‍ സ്വദേശിയുമായ നാഗാർജുന്‍ എന്നിവരാണ് പിടിയിലായത്. 

ഡല്‍ഹി വിമാനത്താവളം വഴി രാജ്യം വിടാന്‍ ശ്രമിക്കവേയാണ് തെലങ്കാന പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ആപ്പുകൾ വഴി 21000 കോടി രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം കമ്പനികൾ നിയന്ത്രിച്ചിരുന്ന കൂടുതല്‍ ചൈനാക്കാർ ഇനിയും പിടിയിലാകാനുണ്ടെന്നും പലരും രാജ്യം വിട്ടോയെന്ന് സംശയമുണ്ടെന്നും തെലങ്കാന പോലീസ് അറിയിച്ചു. 

നേരത്തെ രണ്ട് ചൈനീസ് സ്വദേശികളുൾപ്പെടെ 29 പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് 37 കേസുകളാണ് തെലങ്കാനയില്‍ മാത്രം ഇതുവരെ രജിസ്റ്റർ ചെയ്തത്. പ്ലേസ്റ്റോറില്‍ നിന്നും 200 ആപ്പുകൾ നീക്കം ചെയ്യാനായി ഗൂഗിളിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചു.

35 ശതമാനം വരെ പലിശയീടാക്കിയിരുന്ന ആപ്പുകൾ വഴി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേരാണ് വായ്പയെടുത്തത്. തിരിച്ചടവ് മുടക്കിയവരെ കമ്പനി അധികൃതർ ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു, സ്വകാര്യ വിവരങ്ങളുപയോഗിച്ച് ഇടപാടുകാരെ അപകീർത്തി പെടുത്തിയതിനെ തുടർന്ന് 4 പേർ ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.