ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍  തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. 

മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആ ഹോട്ടലിലാണുള്ളത്. ഇന്ന് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീര്‍ വിഷയം മോദി-ജിന്‍പിങ് ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന. 

Read Also: മഹാബലിപുരം ഉച്ചകോടി: മോദി ചെന്നൈയിലെത്തി, ഷി ജിന്‍പിങ്ങിനെ സ്വാഗതം ചെയ്ത് തമിഴിലും ചൈനീസിലും ട്വീറ്റ്

ഷി ജിൻപിങ് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്നാണ് വിവരം. ഇടതു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല. അനൗപചാരിക ഉച്ചകോടിയായിതിനാലാണ് മറ്റാരെയും കാണാത്തതെന്നാണ് വിശദീകരണം. 

അതേസമയം, ഷി ജിന്‍പിങ് എത്തുന്നതിനെതിരെ പ്രതിഷേധിച്ച അഞ്ച് ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്. അര്‍ധസൈനിക വിഭാഗത്തിന് പുറമേ 500 ലധികം പൊലീസുകാരെയാണ് മഹാബലിപുരത്ത് വിന്യസിച്ചിരിക്കുന്നത്.

Read Also: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി; ചൈനീസ് പ്രസിഡന്‍റിനെ വരവേല്‍ക്കാനൊരുങ്ങി മഹാബലിപുരം

മഹാബലിപുരത്തെ ചരിത്രം ഓർമ്മപ്പെടുത്തിയുള്ള ഉച്ചകോടി ഷിജിൻപിങ് നരേന്ദ്ര മോദി ബന്ധം കൂടുതൽ ഊഷ്മളമാക്കും എന്ന പ്രതീക്ഷയിലാണ് വിദേശകാര്യമന്ത്രാലയം. ചരിത്രത്തോടുള്ള ഷി ജിൻപിങിൻറെ താല്പര്യം കണക്കിലെടുത്താണ് ഉച്ചകോടിയുടെ വേദി നിശ്ചയിച്ചത്. ഒപ്പം തെക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം കൂട്ടുക എന്ന ബിജെപി ലക്ഷ്യവും മഹാബലിപുരത്തെ ഉച്ചകോടിക്ക് പിന്നിലുണ്ട്.

Read Also: ഷി ജിൻ പിങ്ങ്: ബാല്യത്തിലെ ഗുഹാജീവിതം മുതൽ ചൈനയുടെ പ്രസിഡണ്ട് പദം വരെ