ദില്ലി: കൊവിഡ് 19 പ്രതിരോധത്തിനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക് ആവശ്യമായ സഹായം നൽകാമെന്ന് ക്രൈസ്തവസഭകൾക്കു കീഴിലുള്ള ആയിരത്തോളം ആശുപത്രികൾ. ഇക്കാര്യം അറിയിച്ച് അധികൃതർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. 

ആരോഗ്യമേഖലയിൽ സജീവമായ മൂന്ന് ക്രൈസ്തവസംഘടനകളുടെ കൂട്ടായ്മയായ ക്രിസ്ത്യൻ കോ അലീഷൻ ഫോർ ഹെൽത്ത് ആണ് കത്ത് നൽകിയിരിക്കുന്നത്. വെല്ലൂരിലെയും ലുധിയാനയിലെയും മെഡിക്കൽ കോളേജുകൾ ഉൾപ്പടെ രാജ്യത്തെ ആയിരത്തോളം ആശുപത്രികൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാമെന്നാണ് കത്തിന്റെ ഉള്ളടക്കം. 

ഈ ആശുപത്രികളിലെല്ലാം കൂടി 60,000ത്തോളം പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുണ്ട്. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇമ്മാനുവൽ ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവയാണ ക്രിസ്ത്യൻ കോ അലീഷൻ ഫോർ ഹെൽത്തിൽ അംഗങ്ങളായ സംഘടനകൾ.  

അതേസമയം, കൊവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് മൂന്നു പേർ കൂടി മരിച്ചു. കർണാടക, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മൂന്നു പേർ മരിച്ചത്. \

Read Also: രാജ്യത്ത് 14 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു; മൂന്ന് രോഗബാധിതർ കൂടി മരിച്ചു