ചണ്ഡീഗഢ്: കൊവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 3000 കോടിയുടെ ഇടക്കാല ധനസഹായം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. മഹാമാരിയെ മറികടക്കാന്‍ 4400 കോടിയുടെ ജിഎസ്ടി കുടിശിക ഉടന്‍ വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബ‍ര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കുടിശികയാണിത്. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിയന്ത്രിത മദ്യവില്‍പന അനുവദിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലവും മറ്റ് മുന്‍കരുതലുകളും പാലിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളില്‍ മദ്യവില്‍പന അനുവദിക്കണം എന്നാണ് ആവശ്യം. ശമ്പളം, പെന്‍ഷന്‍, കൊവിഡ് പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 7301 കോടിയുടെ ചെലവ് ഏപ്രില്‍ മാസത്തിലുണ്ടാകും. കൊവിഡ് മൂലം പഞ്ചാബിന് നഷ്ടമായ വരുമാനം കേന്ദ്രം നല്‍കണമെന്നും ഏപ്രിലിലേക്കുള്ള 3000 കോടി ഏകദേശ തുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറയുന്നു. 

Read more: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം, ഉത്തരവ് പുറത്തിറക്കി

രാജ്യത്ത് 15122 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 603 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3259 പേര്‍ ഇതിനകം രോഗമുക്തി നേടി. പഞ്ചാബില്‍ 245 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 16 പേര്‍ മരിക്കുകയും ചെയ്തു. 39 പേരാണ് രോഗമുക്തി നേടിയത്.