അപകടത്തിന് തൊട്ടുമുമ്പ് ഡ്രൈവർ പുകവലിച്ചു കൊണ്ട് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ അലക്ഷ്യമായി വാഹനമോടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ജയ്പൂര്‍: രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് കൗമാരക്കാർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. മുഹമ്മദ് അയാൻ (17), ആദിൽ ഖുറേഷി (14), ഷേർ മുഹമ്മദ് (19), ഗുലാം ഖ്വാജ (17) എന്നിവരാണ് മരിച്ചത്. ഇതേ കാറിലുണ്ടായിരുന്ന വസീം (20), മുഹമ്മദ് കൈഫ് (19) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു കാറിലുണ്ടായിരുന്ന മഹിപാൽ ജാട്ട് (48), രാജ്ബാല (45), രാജേഷ് (26), കർമ്മവീർ സിംഗ് (24) എന്നിവർക്കും പരിക്കേറ്റു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.
അപകടത്തിന്റെ 9 മിനിട്ടോളം ദൈർഘ്യമുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിൻ സീറ്റിലിരുന്നവരിൽ ഒരാൾ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കാർ ഒരു ഘട്ടത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. ഈ സമയം വാഹനത്തിനുള്ളിൽ മ്യൂസിക് പ്ലേ ചെയ്തിരുന്നു. വാഹനം അമിത വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. വേഗത 120 കി.മീ എത്തുന്നത് മുൻ സീറ്റിലിരിക്കുന്നയാൾ ഫോണിൽ പകര്‍ത്തുന്നതും കാണാം. അലസമായി പുകവലിച്ചു കൊണ്ടാണ് 19കാരനായ ഷേര്‍ മുഹമ്മദ് അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നത്. കാറിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ കടക്കുമ്പോഴും യുവാവ് പുകവലിക്കുന്നത് തുടരുകയാണ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാൾ അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.
ഉദയ്പൂരിലെ 'മെഹ്ഫിൽ-ഇ-മിലാദ്' പരിപാടിയിൽ പങ്കെടുത്ത ശേഷം ആറ് സുഹൃത്തുക്കൾ ഒരു കാറിൽ പഴയ അഹമ്മദാബാദ് ഹൈവേയിലേക്ക് പോകുകയായിരുന്നു. ഗുജറാത്തിലേക്ക് പോകുകയായിരുന്ന മറ്റൊരു കാറുമായാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും പൂർണമായും തകർന്നു. മൃതദേഹങ്ങൾ പുറത്തെടുക്കാനും പരിക്കേറ്റവരെ രക്ഷിക്കുന്നതിനുമായി രക്ഷാപ്രവർത്തകർക്ക് കാറുകൾ വെട്ടിപ്പൊളിക്കേണ്ടി വന്നു. അമിത വേഗതയിലെത്തിയ കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്ന നാല് പേരും ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

