Asianet News MalayalamAsianet News Malayalam

പൗരത്വബില്ല് ലോക്സഭയിൽ കീറിയെറിഞ്ഞ് ഒവൈസി; രണ്ടാം വിഭജനമെന്ന് ആരോപണം, രൂക്ഷതർക്കം

കോൺഗ്രസ് മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചെന്ന് പൊട്ടിത്തെറിച്ച് അമിത് ഷാ. ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം കൊണ്ടുവന്നത് തന്നെ ഹിന്ദു മഹാസഭയെന്ന് തിരിച്ചടിച്ച് കോൺഗ്രസ്. 

citizenship bill teared apart in loksabha protest by asaduddin owaisi
Author
New Delhi, First Published Dec 9, 2019, 8:53 PM IST

ദില്ലി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്‍റെ അവതരണത്തിനിടെ ലോക്സഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പൗരത്വബില്ലിന്‍റെ പകർപ്പ് ലോക്സഭയിൽ എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി കീറിയെറിഞ്ഞു. പൗരത്വബില്ല് രണ്ടാം വിഭജനമാണെന്ന് ആരോപിച്ചാണ് ഒവൈസി ബില്ല് കീറിയെറിഞ്ഞത്. മുസ്ലിങ്ങളെ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ‍ ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. 'എന്താ സർക്കാരിന് ചൈനയെ പേടിയാണോ', എന്ന് ഒവൈസിയുടെ പരിഹാസം.

''ഞങ്ങൾ മുസ്ലിങ്ങളെ എന്തിനാണ് ഭരണപക്ഷത്തിന് ഇത്ര വെറുപ്പ്? അസമിലെ മന്ത്രിയടക്കമുള്ളവർ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേർതിരിക്കുന്നത്. ഇത് വിഭജനമല്ലേ? ഒരു തരത്തിൽ മുസ്ലിങ്ങളെ ഭൂപടത്തിൽ ഇല്ലാത്തവരായി നിർത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നത്'', ഒവൈസി പറയുന്നു.

''ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ റജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാ‍ഡം'', എന്ന് പറഞ്ഞ് അസദുദ്ദീൻ ഒവൈസി ബില്ല് രണ്ടായി കീറി. 

പൗരത്വ നിയമഭേദഗതി ബില്ലിൻമേൽ ലോക്സഭയിൽ ഭരണ - പ്രതിപക്ഷ വാക്പോര്. ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരിൽ പ്രവേശിക്കാനും ഇനി ഇന്നർ ലൈൻ പെർമിറ്റ് (മുൻകൂർ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. അങ്ങനെ പ്രത്യേക അവകാശമുള്ള ഗിരിവർഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെർമിറ്റ് ആവശ്യമുള്ള നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളെയും ബില്ലിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ശ്രമം. 

പ്രതിപക്ഷം പ്രതിഷേധമുയർത്തിയെങ്കിലും ബില്ലവതരണത്തിന് അനുമതി കിട്ടി. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേർ ലോക്സഭയിൽ വോട്ട് ചെയ്തപ്പോൾ എതിർത്തത് 82 പേരാണ്. 

ബില്ലവതരണത്തെ കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും ബിഎസ്‍പിയും എതിർത്തു വോട്ട് ചെയ്തപ്പോള്‍  ശിവസേന അനുകൂലിച്ചു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ച് വോട്ട് ചെയ്തു. സമാനമായ നിലപാട് തന്നെയായിരിക്കും ബില്ലിൻമേൽ ഈ പാർട്ടികൾ ചർച്ചയ്ക്ക് ശേഷമുള്ള വോട്ടെടുപ്പിലും സ്വീകരിക്കാൻ സാധ്യത. എങ്കിലും ബില്ലിന് ലോക്സഭ കടക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. 

ബില്ലവതരണം വേണോ വേണ്ടയോ എന്ന ചർച്ചയിലും തുടർന്ന് വൈകിട്ട് ബില്ല് മേശപ്പുറത്ത് വച്ച ശേഷം നടന്ന ചർച്ചയിലും പ്രതിപക്ഷവും അമിത് ഷായും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നത് ലോക്സഭ കണ്ടു. ''പൗരത്വബില്ല് 0.001% പോലും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരല്ല'' എന്ന് അമിത് ഷാ. ചരിത്രത്തിലാദ്യമായാണ് ന്യൂനപക്ഷങ്ങളെ കൃത്യമായി ഉന്നം വച്ച് ഇത്തരമൊരു നിയമനിർമാണം നടക്കുന്നതെന്നും, ഇത് അപലപനീയമാണെന്നും കോൺഗ്രസ് എംപിയും കക്ഷിനേതാവുമായ അധിർ രഞ്ജൻ ചൗധരി. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസാകട്ടെ ബില്ലിനെ ഭരണഘടനാവിരുദ്ധമെന്നും, ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമെന്നുമാണ് വിളിച്ചത്. 

മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്കാനുള്ള ബില്ലിൽ വലിയ പ്രതിഷേധമാണ് ലോക്സഭയിൽ അലയടിച്ചു. മതാടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിക്കുന്ന ബിൽ കോടതിയിൽ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്കി. പൊട്ടിത്തെറിച്ചായിരുന്നു അമിത് ഷായുടെ മറുപടി.

''കോൺഗ്രസ് മതാടിസ്ഥാനത്തിലല്ലേ രാജ്യത്തെ വിഭജിച്ചത്? അങ്ങനെ വിഭജനം നടന്നില്ലായിരുന്നെങ്കിൽ ഇന്ന് പൗരത്വ ഭേദഗതി ബില്ല് തന്നെ വേണ്ടി വരുമായിരുന്നില്ല. കോൺഗ്രസാണ് ഈ രാജ്യത്തെ മതാടിസ്ഥാനത്തിൽ വെട്ടിമുറിച്ചത്. ഞങ്ങളല്ല'', അമിത് ഷാ സഭയിൽ പൊട്ടിത്തെറിച്ചു. 

എന്നാൽ കോൺഗ്രസിന്‍റെ മനീഷ് തിവാരി, മറുപടി പ്രസംഗത്തിൽ ഇതിന് തിരിച്ചടിച്ചു. ''ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം അവതരിപ്പിച്ചതാരാണ്? ഹിന്ദു മഹാസഭയല്ലേ?'', മനീഷ് തിവാരി ചോദിച്ചു. ഇന്ന് വീർ സവർക്കർ എന്ന് ആർഎസ്എസ്സും സംഘപരിവാറും വിളിക്കുന്ന സവർക്കറാണ് 1935-ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തിൽ രാജ്യത്തെ രണ്ടായി വിഭജിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. അത്തരം പ്രചാരണമാണ് സംഘപരിവാർ പിന്നീട് ഈ രാജ്യത്ത് നടത്തിയതെന്നും മനീഷ് തിവാരി ആഞ്ഞടിച്ചു.

ചർച്ച തുടരുകയാണ്...

Read more at: 'വിഭജനം മതത്തിന്‍റെ അടിസ്ഥാനത്തിലല്ലേ?', കോൺഗ്രസിനെതിരെ അമിത് ഷാ, പൗരത്വ ബിൽ ലോക്സഭയിൽ

Follow Us:
Download App:
  • android
  • ios