സി ജെ റോയിയുടെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് മകൻ രോഹിത്. തന്റെ അച്ഛൻ വലിയ മനുഷ്യനായിരുന്നുവെന്നും കുടുംബത്തിനുണ്ടായ നഷ്ടം വിവരിക്കാനാകില്ലെന്നും രോഹിത് പറഞ്ഞു. 'ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് പിതാവ് ഒന്നും പറഞ്ഞിരുന്നില്ല'

ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ മരണം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അതീതമാണെന്ന് മകൻ രോഹിത് പ്രതികരിച്ചു. തന്റെ പിതാവ് വലിയൊരു മനുഷ്യനായിരുന്നുവെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും രോഹിത് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാൻ ആകില്ലെന്നും മകൻ വ്യക്തമാക്കി. ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് പിതാവ് തന്നോട് നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ലെന്നും, കുടുംബത്തിന് ഉണ്ടായ ഈ വലിയ നഷ്ടം വിവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വികാരാധീനനായി കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലെ നേച്ചർ കാസ്ക്കേടിൽ നടന്ന റോയിയുടെ സംസ്കാരത്തിന് ശേഷമാണ് മകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

YouTube video player

അതേസമയം സി ജെ റോയിക്ക് ബെംഗളൂരു കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നൽകിയത്. കഴി‌ഞ്ഞ ദിവസം ജീവനൊടുക്കിയ റോയിയുടെ മൃതദേഹം ബെംഗളുരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്.

വിശദ വിവരങ്ങൾ

ബൗറിംഗ് ആശുപത്രിയിലെ തണുത്തുറഞ്ഞ മോർച്ചറിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള നേച്ചർ കാസ്കേടിൽ റോയിയുടെ മൃതദേഹം എത്തുമ്പോഴേക്കും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ആഡംബര റിസോർട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ വീൽചെയറിലേറി ആദ്യം കാണാൻ എത്തിയത് അമ്മ. സമീപത്ത് കണ്ണീരണിഞ്ഞ് ഭാര്യയും രണ്ട് മക്കളും. വേദിക്ക് താഴെ എല്ലാം ഒരുക്കി സഹോദരൻ സി ജെ ബാബുവും നൊമ്പരം ഉള്ളിലൊതുക്കി. 9 മണിയോടെ ആരംഭിച്ച പൊതുദർശനം രണ്ടര മണി വരെ നീണ്ടു. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി കെ പ്രകാശ്, നടനും അവതാരകനുമായ മിഥുൻ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് ഉണ്ണി പുഷ്പചക്രം സമർപ്പിച്ചു. ഇതിന് സമീപത്ത് തന്നെയുള്ള സെന്റ് ജോസഫ്സ് ദേവാലയത്തിൽ ആയിരുന്നു ശുശ്രൂഷ ചടങ്ങുകൾ. കുടുംബാംഗങ്ങൾ അന്ത്യചുംബനം നൽകിയതോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം തിരികെ നേച്ചർ കാസ്കേഡിലേയ്ക്ക് എത്തി. വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത സംസ്കാര ചടങ്ങുകൾ അതിവേഗം പൂർത്തിയായി.