ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി ദില്ലിയിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത എംപി ഡിംപിൾ യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലി : കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ അണിനിരന്ന അഖിലേഷ് യാദവിന്റെ ഭാര്യയും ലോക്സഭാ എംപിയുമായ ഡിംപിൾ യാദവ് പൊലീസ് കസ്റ്റഡിയിൽ. മത്സരപ്പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രിരാജിവെക്കണമെന്നും ആവശ്യപ്പെട്ട് അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിനിടെയായിരുന്നു അറസ്റ്റ്. മാർച്ചിന് നേതൃത്വം നൽകിയ അഭിജീത്ത് ദീപ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നടന്ന മാർച്ചിൽ വലിയ സംഘർഷങ്ങളാണ് ഉണ്ടായത്. പരീക്ഷാപേപ്പർ ചോർച്ച അടക്കം വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശബ്ദം കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. യുവാക്കളും വിദ്യാർത്ഥികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും മാർച്ചിൽ പങ്കെടുത്ത് ഡിംപിൾ യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.

കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് പൊലീസ് മാർച്ച് തടഞ്ഞതോടെ ദില്ലി വീണ്ടും സംഘർഷഭരിതമായി. മാർച്ചിന് ഔദ്യോഗിക അനുമതി നിഷേധിച്ചിരുന്നതിനാൽ, തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാർത്ഥികളെയും യുവാക്കളെയും പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു. സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കുകയും ചെയ്തു. രാജീവ് ചൗക്ക് ഉൾപ്പെടെയുള്ള അഞ്ച് പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു.