അതിർത്തിയിൽ സമാധാനം നിലനിർത്താനും ഉഭയകക്ഷി സഹകരണം വിപുലീകരിക്കാനും നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.

ഡൽഹി: ഇന്ത്യയും ചൈനയും അതിർത്തി പുനർനിർണ്ണയം ചർച്ച ചെയ്തു എന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും നടത്തിയ സംഭാഷണത്തിൽ ഇക്കാര്യം ഉയർന്നതായാണ് സ്ഥിരീകരണം. ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള ചർച്ചകളിൽ ഇതാദ്യമായാണ് അതിർത്തി പുനർനിർണ്ണയത്തിൽ ആശയവിനിമയം നടന്നതെന്ന് ഇന്ത്യ സ്ഥിരീകരിക്കുന്നത്. ചൈനയിലെ ബീജിംഗിൽ വെച്ച് നടന്ന ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധികളുടെ 25-ാമത് യോഗത്തിലാണ് ഇരു രാജ്യങ്ങളിലെയും പ്രമുഖ നേതാക്കൾ പങ്കെടുത്തത്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചേർന്നാണ് ഈ സുപ്രധാന യോഗത്തിന് സഹ അധ്യക്ഷത വഹിച്ചത്. യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നിർണ്ണായക നടപടികൾ ചർച്ചയായി. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറയുകയും അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലുണ്ടായിട്ടുള്ള പുരോഗതിയും ചലനാത്മകതയും ഇരു പ്രതിനിധികളും വിശദമായി വിലയിരുത്തി. ചൈനയിലെ ഇന്ത്യൻ എംബസി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാനും നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയ വിവരങ്ങൾ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം