മറ്റൊരു ദമ്പതിമാരുടെ ദാമ്പത്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് വിവാഹവേദിയിലെ സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
തിരുപ്പതി: വിവാഹമണ്ഡപത്തിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. തിരുമലയിൽ കച്ചവടക്കാരനായ മുനിരത്നം യാദവ്(41) സുഹൃത്തും ടാക്സി ഡ്രൈവറുമായ മണികണ്ഠ(35) എന്നിവരാണ് മരിച്ചത്. തിരുപ്പതി ലക്ഷ്മിപുരത്തെ വിവാഹമണ്ഡപത്തിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
മറ്റൊരു ദമ്പതിമാരുടെ ദാമ്പത്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് വിവാഹവേദിയിലെ സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുനിൽ എന്നയാളും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സുനിലിന്റെ വിവാഹത്തിന്റെ ഇടനിലക്കാരനായിരുന്നു കൊല്ലപ്പെട്ട മുനിരത്നം. അടുത്തിടെ സുനിൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരിടത്ത് താമസം ആരംഭിച്ചു. ഈ വിഷയത്തിൽ വിവാഹം നടത്തിക്കൊടുത്ത ആളെന്നനിലയിൽ മുനിരത്നവും ഇടപെട്ടു. ബുധനാഴ്ച ലക്ഷ്മിപുരത്തെ വിവാഹചടങ്ങിന് സുനിലും എത്തുമെന്ന് മുനിരത്നം അറിഞ്ഞിരുന്നു. തുടർന്നാണ് സുഹൃത്തായ മണികണ്ഠയെയും കൂട്ടി വിവാഹവേദിയിലെത്തിയത്. ഇവിടെവെച്ച് മുനിരത്നം സുനിലിനെ ചോദ്യംചെയ്തു. ഇതോടെ സുനിൽ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് സുനിലിന്റെ ബന്ധുക്കളായ യുവതി ഉൾപ്പെടെയുള്ളവർ ബൈക്കുകളിൽ വിവാഹവേദിയിലെത്തി. ഇവർ മുനിരത്നത്തെയും മണികണ്ഠയെയും ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
കുത്തേറ്റ മുനിരത്നം സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇദ്ദേഹവും മരിച്ചു. സംഭവത്തിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.


