ലക്ഷ്മൺ സാവഡി പാർട്ടി പ്രാഥമിക അംഗത്വം രാജി വച്ചതിന് പിന്നാലെ ബിജെപി എംഎൽസി ആർ ശങ്കറും പാർട്ടി വിട്ടു

ബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിലുള്ള പ്രതിസന്ധി തുടരുകയാണ്. ലക്ഷ്മൺ സാവഡി പാർട്ടി പ്രാഥമിക അംഗത്വം രാജി വച്ചതിന് പിന്നാലെ ബിജെപി എംഎൽസി ആർ ശങ്കറും പാർട്ടി വിട്ടു. 2018-ൽ റാണെബെന്നൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാളായിരുന്നു ആർ ശങ്കർ. ആദ്യം പിന്തുണച്ചത് കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെയായിരുന്നു.

സഖ്യസർക്കാരിൽ മന്ത്രിയായിരുന്ന ശങ്കർ 2019-ൽ കൂറ് മാറി ബിജെപിയിലെത്തി. പക്ഷേ 2019-ലെ ഉപതെരഞ്ഞെടുപ്പിൽ ആർ ശങ്കറിന് സീറ്റ് കിട്ടിയില്ല. പകരം ബിജെപി ശങ്കറിന് തൽക്കാലം എംഎൽസി സ്ഥാനം നൽകി. ഇത്തവണയും സീറ്റ് നൽകാതിരുന്നതോടെയാണ് ശങ്കർ പാർട്ടി വിട്ടത്. റാണെബെന്നൂരിൽ നിന്ന് ശങ്കർ വീണ്ടും സ്വതന്ത്രനായി മത്സരിക്കും. സിറ്റിംഗ് എംഎൽഎ അരുൺ കുമാറിനാണ് ബിജെപി റാണെബെന്നൂരിൽ വീണ്ടും സീറ്റ് നൽകിയത്.

എന്നാൽ ഇതിനിടെ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി എംഎൽഎ രഘുപതി ഭട്ട്. ഉഡുപ്പിയിൽ ബിജെപി വെട്ടിയ സിറ്റിംഗ് എംഎൽഎ രഘുപതി ഭട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനാവുകയായിരുന്നു. നേരത്തേ പറഞ്ഞിരുന്നെങ്കിൽ താൻ സ്വയം മാറി നിന്നേനെയെന്ന് രഘുപതി ഭട്ട് പറഞ്ഞു.

പാർട്ടി തന്നെ ഈ തരത്തിൽ മോശമായി കൈകാര്യം ചെയ്യുമെന്ന് കരുതിയില്ല.
പാർട്ടി തന്നോട് പെരുമാറിയ രീതിയാണ് തന്നെ ദുഃഖിപ്പിക്കുന്നത്. ഇത്ര കാലം പാർട്ടിയോട് എല്ലാ വിധ കൂറും പുലർത്തിയെന്നും രഘുപതി ഭട്ട് പറഞ്ഞു. രഘുപതി ഭട്ടിന്റെ സിറ്റിം​ഗ് സീറ്റായ ‌ഉഡുപ്പി യശ്പാൽ സുവർണയ്ക്കാണ് ബിജെപി നൽകിയത്. ‌ഹിജാബ് നിരോധനത്തിനും ഗോസംരക്ഷണത്തിനും വേണ്ടി സംസാരിക്കുന്ന ബിജെപിയിലെ തീവ്രഹിന്ദുമുഖങ്ങളിലൊരാളാണ് യശ്പാൽ സുവർണ. 

അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ ആദ്യം തന്നെ അതൃപ്തി അറിയിച്ച മുൻ കർണാടക മുൻ മുഖ്യമന്ത്രി ജ​ഗദീഷ് ഷെട്ടാർ ദില്ലിയിൽ എത്തി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയുമായി കൂടികാഴ്ച നടത്തുകയാണ്. ജെ പി നദ്ദയുമായും ഷെട്ടാർ ഇന്ന് കൂടികാഴ്ച നടത്തുന്നുണ്ട്. പ്രായാധിക്യം കാരണം തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തിയതിൽ കേന്ദ്ര നേതൃത്വത്തിനെതിരെ ഷെട്ടാർ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. 

80 കഴിഞ്ഞ നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ബിജെപി കേന്ദ്രനേതൃത്വത്തിന്‍റേതാണ്. മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട് തനിക്ക് ദില്ലിയിൽ നിന്ന് വിളി വന്നെന്ന് വെളിപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തന്നെയാണ്. ഇതിനെതിരെ പൊട്ടിത്തെറിച്ച ഷെട്ടർ ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് താൻ തോൽക്കുമെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രനേതൃത്വത്തോട് ചോദിച്ചിരുന്നു. 

എന്നാൽ ജഗദീഷ് ഷെട്ടർ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചപ്പോൾ, മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. നാലാം യെദിയൂരപ്പ മന്ത്രിസഭയിൽ 2019 മുതൽ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡിയും രാജി വച്ചതോടെ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. 

Read More : കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോനിൽ