മോദി നടത്തിയ രണ്ട് പ്രസ്താവനകള്‍.. പുതിയ വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യുമെന്ന പ്രസ്താവനയിലും  ആണവായുധങ്ങള്‍ ദീപാവലിയ്ക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ലെന്ന പ്രസ്താവനയിലുമാണ്  ചട്ട ലംഘനമല്ലില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘന പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ തിരക്കിട്ട നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആണവായുധ പ്രസംഗത്തില്‍ മോദിക്ക് മൂന്നാമത്തെ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധി അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശവും ചട്ടലംഘനമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

മോദി നടത്തിയ രണ്ട് പ്രസ്താവനകള്‍.. പുതിയ വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യുമെന്ന പ്രസ്താവനയിലും ആണവായുധങ്ങള്‍ ദീപാവലിയ്ക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ലെന്ന പ്രസ്താവനയിലുമാണ് ചട്ട ലംഘനമല്ലില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പരിധിയില്‍ വരില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന ഹര്‍ജിയിലാണ് പരാതികളില്‍ ഉടനെ തീര്‍പ്പ് കല്‍പിക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇരുവര്‍ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് പരാതികളില്‍ നടപടി ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് എംപിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ സുസ്മിതാ ദേവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവയില്‍ രണ്ടു പരാതികളില്‍ തീരുമാനമെടുത്തെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. മറ്റു പരാതികള്‍ തീര്‍പ്പാക്കാന്‍ ബുധനാഴ്ചവരെ സമയം അനുവദിക്കണമെന്ന കമ്മീഷന്‍റെ ആവശ്യം കോടതി തള്ളി. 

അതിനിടെ സൈന്യം മുഴുവന്‍ ബിജെപിക്കും മോദിക്കുമൊപ്പമാണെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഇന്ന് രംഗത്ത് എത്തി. ജയ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്‍റെ പ്രസ്താവന. സൈന്യത്തിന്‍റെ നേട്ടങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിവാദങ്ങള്‍ക്കിടെയാണ് പുതിയ വാദം. യുപിഎ ഭരണകാലത്ത് ആറ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ മുന്‍ കേണല്‍ കൂടിയായ റാത്തോഡ് തള്ളി. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്നും ബിജെപിക്ക് വേണ്ടി ജനവിധി തേടുകയാണ് റാത്തോ‍ഡ്.