ഭോപ്പാല്‍: 'ഇനിയും സഹിക്കാനാകില്ല, ഞാന്‍ മറ്റൊരു പാന്‍സിംഗ് ആകും' ഇന്‍റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ഹവില്‍ദാര്‍ അമിത് സിംഗിന്‍റെ ഭീഷണിക്കൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. കുടുംബത്തെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്  അമിത് സിംഗ് ഓണ്‍ലൈനിലൂടെ ഭീഷണിയുമായെത്തിയത്.

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച് പാന്‍സിംഗ് തോമര്‍ എന്ന ചിത്രത്തെ അധികരിച്ചായിരുന്നു പോസ്റ്റ്. ജവാന്‍ ആയിരുന്ന പാന്‍സിംഗ്, തന്‍റെ കുടുംബത്തിന് നേരിട്ട അധിക്ഷേപത്തിലും അതിക്രമത്തിലും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആയുധമെടുത്ത് പോരാടുന്നതാണ് ചിത്രം. സമാനമായ രീതിയിലവ്‍ താനുമൊരു വിപ്ലവകാരിയാകുമെന്നായിരുന്നു അമിത് സിംഗ് പറഞ്ഞത്. 

മധ്യപ്രദേശിലെ ഖന്‍ദ്വ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് അമിത് സിംഗിന്‍റെ കുടുംബത്തിന് അധിക്രമം നേരിടേണ്ടിവന്നിരുന്നു. തന്‍റെ ഒരു സഹോദരന് 80 ശതമാനം കാഴ്ച നഷ്ടപ്പെട്ടതായും മറ്റൊരു സഹോദരന്‍റെ കാല്‍ ഒടിഞ്ഞതായും അമിത് സിംഗ് പറഞ്ഞു. 

സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഒടുവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആര്‍ക്കെതിരെയും അനീതി ഉണ്ടാകില്ല. അന്വേഷണത്തിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഒന്നുകൊണ്ടും ഭയപ്പെടേണ്ടെന്നും മുഖ്യമന്ത്രി കമല്‍നാഥ്, അമിത് സിംഗിന് ഉറപ്പ് നല്‍കി.