വാഹനം പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് യുവാവ് അബദ്ധത്തിൽ പാമ്പിന് മുകളിലൂടെ വാഹനം പായിച്ചത്.

പൂനെ: മുൻപിൽ കിടന്ന മൂർഖനെ കണ്ടില്ല. ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് മൂർഖൻ. വാഹനം പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് യുവാവ് അബദ്ധത്തിൽ പാമ്പിന് മുകളിലൂടെ വാഹനം പായിച്ചത്. പാമ്പ് പിന്നിലുണ്ടെന്ന് അറിയാതെ പാർക്ക് ചെയ്യാനായി ബൈക്ക് പിന്നോട്ട് എടുത്തതോടെയാണ് പിന്നിൽ പത്തി വിടർത്തി നിന്ന് മൂർഖൻ യുവാവിന്റെ കാലിൽ കൊത്തിയത്. കടിയേറ്റ് തിരിഞ്ഞ് നോക്കുമ്പോഴാണ് ആക്രമിച്ചത് പാമ്പാണ് എന്ന് യുവാവ് തിരിച്ചറിഞ്ഞത്. പിന്നാലെ തന്നെ യുവാവ് ബൈക്കിൽ നിന്നും പാമ്പിന് സമീപത്തേക്ക് തന്നെ ഭയന്ന് വീഴുകയായിരുന്നു. ടയർ കയറിയതിന് പിന്നാലെയുള്ള പ്രതിരോധത്തിലാണ് ആക്രമിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.

Scroll to load tweet…

പാമ്പ് കടിച്ചതാണെന്ന് മനസിലായാല്‍...

പാമ്പ് കടിച്ചതാണെന്ന് മനസിലായാല്‍ സ്വയം ചികിത്സയക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കിക്കളയുന്നതും, ചരട് കെട്ടുന്നതും, രക്തം വായില്‍ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ പ്രാഥമിക ചികിത്സയല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്ന് മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.

കയ്യിലോ കാലിലോ ഒക്കെയാണ് കടിയേറ്റതെങ്കില്‍ നെഞ്ചിന് താഴേക്കായി തൂക്കിയിടത്തക്ക തരത്തില്‍ മുറിവുള്ള ഭാഗം പിടിക്കണം. വിഷം പടരുന്നത് കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതുപോലെ തന്നെ പരുത്ത കോട്ടണ്‍ തുണി കൊണ്ട് പതിയെ മുറിവിനേയും ചുറ്റുമുള്ള ഭാഗങ്ങളേയും കെട്ടിവയ്ക്കാം. ഉദാഹരണത്തിന്, കാല്‍പാദത്തിലാണ് കടിയേറ്റിരിക്കുന്നത് എങ്കില്‍ അവിടം മുതല്‍ മുന്നോട്ടും മുകളിലേക്കുമായി മുഴുവന്‍ കാല്‍ തുണി കൊണ്ട് ചുറ്റിച്ചുറ്റി കെട്ടിവരിക.

ഒരുകാരണവശാലും ഈ കെട്ട് വളരെയധികം മുറുകരുത്. രക്തയോട്ടം പതുക്കെയാക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതുകൊണ്ടുള്ളത്. അതായത്, രക്തത്തിലൂടെ വിഷം പടരുന്നതിനെ പരമാവധി വൈകിപ്പിക്കുക. എന്നാല്‍ അമര്‍ത്തിക്കെട്ടുന്നതോടെ രക്തയോട്ടം തന്നെ നില്‍ക്കുന്ന സാഹചര്യമുണ്ടാകും. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് രോഗിയെ നയിച്ചേക്കാം.

ഏറ്റവും പ്രധാനം രോഗിയെ പരിഭ്രാന്തിയിലാക്കാതെ സൂക്ഷിക്കലാണ്. പരിഭ്രാന്തിപ്പെടുത്തുന്നതോടെ, രക്തസമ്മര്‍ദ്ദം ഉയരാനും അത് കൂടുതല്‍ അപകടങ്ങളിലേക്ക് രോഗിയെ നയിക്കാനും കാരണമാകുന്നു. പാമ്പ് കടിയേറ്റതാണെന്ന് മനസിലാക്കിയാല്‍ ഉടന്‍ തന്നെ രോഗിയെ ശാന്തനാക്കാന്‍ ശ്രമിക്കണം. തുടര്‍ന്ന് വൈകാതെ 'ആന്റിവെനം' കയറ്റാന്‍ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം.

സാധാരണഗതിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം 'ആന്റിവെനം' കയറ്റാന്‍ സംവിധാനമുണ്ടായിരിക്കും. രോഗിയുടെ ശരീരം അധികം അനക്കാത്ത തരത്തില്‍ ഇരുത്തിയോ കിടത്തിയോ ആശുപത്രിയിലെത്തിക്കണം. വിഷം കയറിയെന്നുറപ്പായ ഒരാളെ ഒരുകരാണവശാലും കൂടുതല്‍ നടത്തരുത് അത് വിഷം പെട്ടെന്ന് ശരീരമാകെ പടരാന്‍ ഇടയാക്കും. കഴിയുമെങ്കില്‍ ഇടതുവശം ചരിഞ്ഞ് കിടത്തുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം