മഴവെള്ളം നിറഞ്ഞ ഓവുചാലിന് മുകളിലൂടെ ബസ് കടന്നുപോകുമ്പോൾ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ബസിന്‍റെ എമർജൻസി വിൻഡോ വഴിയാണ് വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചത്.
അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ നദിയാദ് നഗരത്തിൽ വെള്ളപ്പൊക്കം. വെള്ളക്കെട്ടിൽ കോളേജ് ബസ് അഴുക്കുചാലിൽ കുടുങ്ങിയതോടെ വിദ്യാർത്ഥികൾക്ക് അകത്ത് പെട്ടു പോയി. മഴവെള്ളം നിറഞ്ഞ ഓവുചാലിന് മുകളിലൂടെ ബസ് കടന്നുപോകുമ്പോൾ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ബസിന്‍റെ എമർജൻസി വിൻഡോ വഴിയാണ് വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചത്.
നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, കാലവർഷം ശക്തമായതിനെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായി. അസമിലെ 146 ഗ്രാമങ്ങളില്‍ വെള്ളം കയറി.
ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്. സിക്കിമിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പലയിടത്തും റിപ്പോർട്ട് ചെയ്തിരുന്നു ശക്തമായ മഴയെ തുടർന്ന് 37,000 പേർ പ്രതിസന്ധിയിലാണെന്നാണ് വിവരം. മേഘാലയയില്‍ 79 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. സിക്കിമില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ മഴ പെയ്തത് കുറവായിരുന്നു.
എന്നാൽ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ചത്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെടുക.
അതിനാൽ തന്നെ നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെട്ടേക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. നാളെ സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

