ദില്ലി: കൊവിഡ് വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിന്‍റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകളിൽ പുതിയ ബാച്ചിൻറെ ( 2020-2021) പ്രവേശനം വൈകും. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ നടത്താമെന്നത് പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ യുജിസി നേതൃത്വത്തില്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ കോഴ്സുകള്‍ തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ വിദ്യാർത്ഥികളുടെ പഠനം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന നിര്‍ദ്ദേശം കോളേജുകളിലും ഐഐടി ഉൾപ്പടെ സ്ഥാപനങ്ങളിലും ബാധകമാണ്. 

അതേ സമയം രാജ്യത്തെ മെഡിക്കല്‍ പ്രവേശനം ഓഗസ്റ്റിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. നേരത്തെ ജൂലൈ പകുതിയോടെയായിരുന്നു കോളേജുകളിലെ പ്രവേശനം നടത്തിയിരുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് കോളേജുകളുള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. ഇത്തവണ സെമസ്റ്റര്‍, വാര്‍ഷിക പരീക്ഷകളും സാധാരണ നടത്തിയിരുന്ന സമയത്ത് നടത്താൻ കഴിഞ്ഞേക്കില്ല.  

നവോദയ വിദ്യാലങ്ങളിൽ നിന്നും പഠനത്തിന് പോയ വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കുടുങ്ങി