Asianet News MalayalamAsianet News Malayalam

മതം മാറിയ ദളിതര്‍ക്ക് പട്ടികജാതി സംവരണം: വിഷയം പഠിക്കാൻ ജസ്റ്റിസ് കെജി ബാലകൃഷ്ണൻ അധ്യക്ഷനായി കമ്മീഷൻ

നിലവിൽ ഹിന്ദു, സിഖ്, ബൗദ്ധ മതക്കാരായ ദളിതർക്ക് സംവരണം നല്കാനാണ് ഭരണഘടനയിൽ നിർദ്ദേശമുള്ളത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലേക്ക് മാറിയ ദളിതർക്ക് ഇപ്പോൾ സംവരണത്തിൻറെ ആനുകൂല്യം നല്കാൻ ഭരണഘടന വ്യവസ്ഥയില്ല

Commission to study whether SC status can be granted to those converting to other religions
Author
First Published Oct 7, 2022, 6:08 PM IST

ദില്ലി: മുസ്ലിം  - ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പദവി നൽകാനാകുമോയെന്നത് പരിശോധിക്കാൻ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുൻ സുപ്രീം  കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ്  കേന്ദ്രം നിയോഗിച്ചത്. 

ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളിലെ ദളിതർക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം പൂർണ്ണമായി നല്കണം എന്ന ആവശ്യം പഠിക്കാൻ  കമ്മീഷൻ രൂപീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ  നിലപാട് അറിയിച്ചിരുന്നു. .പട്ടികജാതി ലിസ്റ്റിലേക്ക് ഇത്തരത്തിൽ പരിവർത്തനം ചെയ്തവരെ ഉൾപ്പെടുത്താനാകുമോ എന്നാണ് കമ്മീഷൻ പ്രധാനമായും പഠിക്കുക. 

മുൻ സുപ്രീം  കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷമായ സമിതിയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രവീന്ദ്രകുമാർ ജയിൻ , യുജിസി അംഗം ഡോ. സുഷ്മ എന്നിവരാണ് അംഗങ്ങൾ. ക്രിസ്ത്യൻ മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുടെ ഇന്നത്തെ ജീവിത അവസ്ഥ കമ്മീഷൻ പഠിക്കും.പട്ടികവിഭാഗത്തിലേക്ക് കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നും കമ്മീഷൻ പരിശോധിക്കും.  പുതിയ സമുദായങ്ങളെ ചേർക്കുന്നത് നിലവിലുള്ള പട്ടികജാതി വിഭാഗങ്ങളെ ബാധിക്കുമോ എന്നതും കമ്മീഷന്റെ പരിഗണനയിലുണ്ട്. 

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന് കമ്മീഷൻ രണ്ട് വർഷത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ദളിത് വിഭാഗത്തിൽ നിന്നും ക്രിസ്തൻ മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണ അനൂകൂല്യം തേടിയുള്ള ഹർജിയിൽ നേരത്തെ കേന്ദ്രത്തിന്റെ നിലപാട് കോടതി തേടിയിരുന്നു.  നിലവിൽ ഹിന്ദു, സിഖ്, ബൗദ്ധ മതക്കാരായ ദളിതർക്ക് സംവരണം നല്കാനാണ് ഭരണഘടനയിൽ നിർദ്ദേശമുള്ളത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലേക്ക് മാറിയ ദളിതർക്ക് ഇപ്പോൾ സംവരണത്തിൻറെ ആനുകൂല്യം നല്കാൻ ഭരണഘടന വ്യവസ്ഥയില്ല

Follow Us:
Download App:
  • android
  • ios