ദില്ലി: രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പ് വേഗത്തിലാക്കിയത്.

73 കാരന്‍ മരിച്ച രാജസ്ഥാനിലെ ബില്‍വാരയിലും അന്പതിനായിരത്തിലധികം അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയ ബിഹാറിലും സംസ്ഥാന സര്‍ക്കാരുകള്‍ സമൂഹവ്യാപനം സംശയിക്കുന്നു. പരിശോധനാ സൗകര്യമുയര്‍ത്താനാണ് തീരുമാനം. രാജ്യത്ത് 119 സർക്കാര്‍ ലാബുകളിലും 35 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോഴുള്ളത്. ഇതപര്യാപ്തമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തുടങ്ങി.

സമൂഹ വ്യാപന ഘട്ടം അടുത്തെത്തിയെന്നാണ് ഐഎംഎയുടെയും വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് രോഗമെത്തുന്നത് തടയണം. പരിശോധന കുത്തനെ ഉയര്‍ത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. അടുത്ത പത്ത് ദിവസത്തെ രോഗ വ്യാപനം തടയല്‍ നിര്‍ണായകമെന്നാണ് നീതി ആയോഗിന് കീഴിലുള്ള കോവിഡ് ടാസ്ക് ഫോഴ്സിലെ രോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്.