ദില്ലിയിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം കടുക്കുന്നതിനിടെ സിപിഎം പഠന കേന്ദ്രമായ സുർജിത് ഭവനിൽ പോലീസ് പരിശോധന നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ പ്രാർത്ഥന സംഘടിപ്പിച്ചു. രാജ്യദ്രോഹം നടത്തിയവർക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ദില്ലി: രജ്യതലസ്ഥാനത്ത് പ്രതിഷേധം കടുക്കുമ്പോൾ എസ്എഫ്ഐ പ്രവർത്തകരെ തിരഞ്ഞ് ദില്ലി പൊലീസ് ഹർകിഷൻ സിങ് സുർജിത് ഭവനിൽ എത്തിയെന്ന് പരാതി. സിപിഎമ്മിൻ്റെ പഠന കേന്ദ്രമാണ് എച്ച്കെഎസ് ഭവൻ. സിജെപി പ്രക്ഷോഭം തുടങ്ങാനിരിക്കെ യുവാക്കൾ അവിടെ ഒത്തുകൂടുന്നുണ്ടോ എന്നറിയാനാണ് പൊലീസ് എത്തിയത്. ഇന്ന് കേന്ദ്ര കമ്മറ്റി യോഗം തുടങ്ങാനിരിക്കെ നേതാക്കളും അവിടെ ഉണ്ടായിരുന്നു. പൊലീസ് പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്ത് വിട്ടിട്ടുണ്ട്.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. പ്രതിഷേധത്തിന്‍റെ ഭാഗമായി ഗാന്ധി സമാധിയിലെത്തി ഇന്ത്യാ സഖ്യം എം പിമാർ പ്രാർത്ഥന നടത്തി. കൊണാട്ട് പ്ലേസിലെ മോട്സ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മൂന്ന് ബസുകളിലായാണ് എം പിമാർ രാജ്ഘട്ടിലേക്ക് നീങ്ങിയത്. നൂറുകണക്കിന് പ്രവർത്തകർ ഇന്നലെ എം പിമാരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. രാജ്യദ്രോഹം നടത്തിയ എല്ലാവർക്കും എതിരെ നടപടി ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇന്നലെ സംഭവിച്ചത്

തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യാ സഖ്യം എംപിമാരുടെ യോജിച്ച നീക്കത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസത്തെ പോലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എം പിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. കൊണാട്ട് പ്ലേസിലെ ഇന്നർ സർക്കിളിലുള്ള മോഡ്സ് ഹോട്ടലിൽ ആയിരുന്നു ഉച്ചഭക്ഷണം. അഭിഷേക് ബാനർജി അടക്കമുള്ള എം പിമാർ ഉച്ചഭക്ഷണത്തിനെത്തി. ഇന്നലെ വിട്ടു നിന്ന സമാജ് വാദി പാർട്ടിയും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കുചേർന്നു. നൂറുകണക്കിന് പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് എത്തിച്ചേർന്നതോടെ ദില്ലി പോലീസും അർദ്ധസൈനികരും ഹോട്ടലിന് ചുറ്റും സുരക്ഷാവലയം തീർത്തു. മൂന്ന് മണിയോടെ മൂന്ന് ബസ്സുകളിലായി എം പിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് തിരിച്ചു. രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാൻ ആവില്ല എന്നാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ സമാധാനപരമായി പ്രാർത്ഥന നടത്തും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എം പിമാരെ പോലീസ് തടഞ്ഞില്ല. പോലീസ് അനുവാദം നൽകിയില്ലെങ്കിൽ ബസ്സുകളിൽ തന്നെ ഇരുന്ന് പ്രതിഷേധിക്കാനായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആലോചന. മിന്റോ റോഡ് വഴി രണ്ട് മണിക്കൂർ എടുത്ത് എം പിമാരുടെ ബസുകൾ രാജ്ഘട്ടിൽ എത്തി. എം പിമാരെ അഞ്ചരയോടെ അകത്തേക്ക് പോകാൻ പോലീസ് അനുവദിച്ചു. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ എം പിമാർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനേ് ശേഷം ഗാന്ധി സമാധിക്ക് അടുത്തിരുന്ന് കുറച്ചുനേരം പ്രാർത്ഥിച്ചു.