ഛത്തീസ്ഗഡിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകൻ ഗുരുതരമായ അക്ഷരത്തെറ്റുകളോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വീഡിയോ വൈറലായി. ദിവസങ്ങളുടെ പേരുകളും ശരീരഭാഗങ്ങളും തെറ്റായി പഠിപ്പിക്കുന്നത് കുട്ടികൾ അതേപടി പകർത്തുന്നത് വീഡിയോയിൽ കാണാം.
റായ്പൂർ: കുട്ടികൾ പഠിക്കാനും വളരാനുമായി രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കുമ്പോൾ, അടിസ്ഥാനപരമായ കാര്യങ്ങൾ പോലും തെറ്റായി പഠിപ്പിക്കുന്ന ഒരു അധ്യാപകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഛത്തീസ്ഗഡിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയാണിത്. കോഗ്വാറിലെ പ്രൈമറി സ്കൂളിൽ വെച്ച് റെക്കോർഡ് ചെയ്ത വീഡിയോയിൽ, ഒരു അധ്യാപകൻ ബ്ലാക്ക് ബോർഡിൽ ഗുരുതരമായ അക്ഷരത്തെറ്റുകളോടെ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നത് കാണാം.
ദിവസങ്ങളുടെ പേര്: ആഴ്ചയിലെ ദിവസങ്ങൾ പഠിപ്പിക്കുന്നതിനിടെ 'Friday' എന്നതിന് പകരം 'Farday' എന്നും 'Saturday' എന്നതിന് പകരം 'Saterday' എന്നുമാണ് അധ്യാപകൻ എഴുതിയത്. കുട്ടികൾ ഇത് അതേപടി ഏറ്റുപറയുകയും ചെയ്തു. ശരീരഭാഗങ്ങൾ പഠിപ്പിച്ചപ്പോൾ 'nose' എന്നതിന് പകരം 'noge', 'ear' ന് പകരം 'eare', 'eye' ന് പകരം 'iey' എന്നിങ്ങനെയാണ് എഴുതിയത്. 'Father', 'Mother', 'Sister' തുടങ്ങിയ ലളിതമായ വാക്കുകൾ പോലും തെറ്റിച്ചു, 'Farder', 'mader, 'sester' എന്നിങ്ങനെ ആയിരുന്നു അത്.
അധ്യാപകൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ പൂർണ്ണമായി ആശ്രയിച്ച് വിദ്യാർത്ഥികൾ ഈ തെറ്റുകൾ അതേപടി നോട്ട്ബുക്കുകളിലേക്ക് പകർത്തി. ഈ പ്രൈമറി സ്കൂളിൽ 42 കുട്ടികളാണ് പഠിക്കുന്നത്. രണ്ട് അധ്യാപകരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഇതിൽ കമ്ലേഷ് പാണ്ടോ എന്ന് തിരിച്ചറിഞ്ഞ ഒരാൾ മദ്യപിച്ച് സ്കൂളിൽ വന്ന് ക്ലാസ് സമയത്ത് ഉറങ്ങാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. മറ്റേ അധ്യാപകനാണ് അക്ഷരത്തെറ്റുകൾ പഠിപ്പിക്കുന്നത്.
സംഭവത്തിൽ തങ്ങൾ വിദ്യാഭ്യാസ വകുപ്പിനെയും പഞ്ചായത്തിനെയും ആവർത്തിച്ച് സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. "മാധ്യമങ്ങൾ വഴി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്, ഞങ്ങൾ വിശദമായ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ടും വസ്തുതകളും ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും എന്നാണ് അധികൃതരുടെ വിശദീകരണം.


