Asianet News MalayalamAsianet News Malayalam

പെഗാസസിൽ കേന്ദ്രസർക്കാരും പ്രതിപക്ഷവും നേർക്കുനേർ: പ്രകോപനത്തിൽ വീഴരുതെന്ന് ബിജെപി എംപിമാരോട് മോദി

ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനും പോർവിളികൾക്കും ഒടുവിൽ പാർലമെന്റിൽ പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ചയുണ്ടാവില്ലെന്ന് ഉറപ്പായി.

conflict continues in Pegasus
Author
Delhi, First Published Aug 4, 2021, 7:26 PM IST

ദില്ലി: പെഗാസസ് ഫോൺചോർത്തൽ വിഷയത്തിൽ പ്രതിപക്ഷത്തിനും സർക്കാരിനുമിടയിലെ ഭിന്നത രൂക്ഷം. രാജ്യസഭയിൽ ബഹളം വച്ച ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരെ ഒരു ദിവസം മാറ്റി നിറുത്തി നടപടിയെടുത്തു.  പ്രകോപനത്തിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു. ഫോൺചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും.

ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനും പോർവിളികൾക്കും ഒടുവിൽ പാർലമെന്റിൽ പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ചയുണ്ടാവില്ലെന്ന് ഉറപ്പായി. വലിയ തർക്കത്തിനാണ് ഈ ദിവസങ്ങളിൽ രണ്ടു സഭകളും സാക്ഷ്യം വഹിക്കുന്നത്. രാജ്യസഭയിൽ രാവിലെ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ ആറ് എംപിമാരെയാണ് ഒരു ദിവസത്തേക്ക് മാറ്റി നിർത്തിയത്. തൃണമൂൽ കോൺഗ്രസിൻ്റെ ഡോള സെൻ,  നദിമുൾ ഹഖ്, അബിർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, അർപ്പിത ഘോഷ്, മൗസം നൂർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.  ഉച്ചയ്ക്ക് ശേഷം രാജ്യസഭ ചേർന്നപ്പോൾ കൂടുതൽ പേർ പ്ളക്കാർഡുകളുമായി ഇറങ്ങി. ഇടതുപക്ഷ എംപിമാർ പെഗാഗസസ് അന്വേഷണം ആവശ്യപ്പെട്ട് മലയാളത്തിലുള്ള പ്ളക്കാർഡുകളുമായാണ് എത്തിയത്.

പ്രതിപക്ഷത്തിൻ്റെ പ്രകോപനത്തിൽ വീഴരുത് എന്ന് പ്രധാനമന്ത്രി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തിൽ വന്ന് കാട്ടുന്ന ബഹളം അംഗീകരിക്കാനാവില്ല. എന്നാൽ സംയമനത്തോടെ ഇത് നേരിടണം എന്ന നിർദ്ദേശമാണ് നരേന്ദ്ര മോദി പാർട്ടി എംപിമാർക്ക് നല്കിയത്. ലോക്സഭയിൽ ബഹളത്തിനിടെ നാളികേര വികസനബോർഡിൽ സിഇഒയെ നിയമിക്കാനും അംഗങ്ങളുടെ എണ്ണം കൂട്ടാനുമുള്ള ബിൽ ചർച്ചയില്ലാതെ പാസാക്കി. 

ഇതിനിടെ കാർഷിക ബില്ലുകൾക്കെതിരെ അകാലിദൾ എംപിമാർ പാർലമെൻറ് കവാടത്തിൽ പ്രതിഷേധിക്കുമ്പോൾ കോൺഗ്രസ് എംപി റവനീത് സിംഗ് ബിട്ടു ചോദ്യം ചെയ്തത് വാഗ്വാദത്തിന് ഇടയാക്കി. ബഹളത്തിനിടെ ബില്ലുകൾ പാസാക്കുന്നതിനെതിരെ എൻകെ പ്രേമചന്ദ്രൻ സ്പീക്കർക്ക് കത്തുനല്കി. നാളെ സുപ്രീംകോടതി പെഗാസസ് ഫോൺ ചോർത്തലിലെ ഹർജികൾ പരിഗണിക്കുന്ന പശ്ചാത്തലത്തിൽ  ഈ വിവാദം എങ്ങനെ മുന്നോട്ടു പോകും എന്നത് ഇനി കോടതി ഇടപെടൽ നിർണ്ണയിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios