ബെംഗളൂരു: മന്ത്രിസഭാ വികസനത്തെ ചൊല്ലി കർണാടക ബിജെപിയില്‍ വീണ്ടും അമർഷം പുകയുന്നു. മന്ത്രിസഭ പുനസംഘടിപ്പിക്കണമെന്ന വിമത വിഭാഗത്തിന്‍റെ ആവശ്യം നടപ്പിലാക്കാന്‍ കേന്ദ്രനേതൃത്വത്തിന്‍റെ സഹായം തേടുകയാണ് ബി.എസ്.യെദ്യൂരപ്പ. നാലുദിവസത്തെ സന്ദർശനത്തിനായി ഡല്‍ഹിയിലെത്തിയ കർണാടക മുഖ്യമന്ത്രി ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി നടത്തുന്ന ചർച്ച നിർണായകമാണ്.

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരായി പാർട്ടിയിൽ നേരത്തെയുള്ള അതൃപ്തി ശക്തമായിരിക്കുകയാണ്. കർണാടകത്തിലെ ചില ബിജെപി നേതാക്കൾ നേതൃമാറ്റം വേണമെന്ന് ദേശീയ നേതാക്കളെ അറിയിച്ചുകഴിഞ്ഞു. യെദ്യൂരപ്പയുടെ പ്രായവും, മകന്‍ വിജയേന്ദ്ര യെദ്യൂരപ്പ സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന ആരോപണവും ഉയർത്തിക്കാട്ടിയാണ് നേതൃമാറ്റത്തിനായുള്ള മുറവിളി. മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാറിനെയാണ് വിമത വിഭാഗം പകരം ഉയർത്തിക്കാട്ടുന്നത്.

എന്നാല്‍ യെദ്യൂരപ്പയെ മാറ്റി നിർത്തിക്കൊണ്ടുള്ള നീക്കത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. കേന്ദ്ര നേതൃത്വവുമായി ഏറെ നാളായി ഇട‍ഞ്ഞു നില്‍ക്കുന്ന യെദ്യൂരപ്പ വീണ്ടും പാർട്ടി പിളർത്തിക്കൊണ്ടുള്ള നീക്കത്തിന് മടിക്കില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച എച്.ഡി. കുമാരസ്വാമിയുമായി ഔദ്യോഗിക വസതിയില്‍ അടച്ചിട്ട മുറിയില്‍ യെദ്യൂരപ്പ ചർച്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് വക നല്‍കുന്നു. പാർട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായാല്‍ ജെഡിഎസ് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ചർച്ചയെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ മൂന്ന് വർഷം കൂടി യെദ്യൂരപ്പ മന്ത്രിസഭ കാലാവധി പൂർത്തിയാക്കട്ടെയെന്ന് ദേശീയ നേതൃത്ത്വം നിലപാടെടുക്കുന്നു.

അതേസമയം മന്ത്രി സഭയില്‍ ഒഴിവുള്ള 3 സീറ്റുകളിലേക്ക് വിമത വിഭാഗത്തില്‍നിന്നുള്ളവരെ പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം കോൺഗ്രസ് ജെഡിഎസ് പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വന്നവർക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനവും നിലനില്‍ക്കുന്നു. ഈ സീറ്റുകളും വിമത വിഭാഗം ആവശ്യപ്പെടുമ്പോൾ മന്ത്രിസഭ പുനസംഘടിപ്പിക്കണം. അങ്ങനെയെങ്കില്‍ 6 മന്ത്രിമാരെ മാറ്റി മന്ത്രിസഭ പുനസംഘടനയെന്ന നിർദേശമാണ് യെദ്യൂരപ്പ മുന്നോട്ടു വച്ചു. ഇതിനെയും വിമത വിഭാഗം എതിർക്കുന്നു.

ഡല്‍ഹിയില്‍ പാർട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി യെദ്യൂരപ്പ ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ കണ്ടും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. ഇന്ന് നടക്കുന്ന രണ്ടാംഘട്ട ചർച്ചയില്‍ നിർണായക തീരുമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്.