ദില്ലി: ദില്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്‍മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. 15 സിറ്റിംഗ് എംഎല്‍എ മാരില്ലാത്ത പട്ടിക. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാരാണ് നാലുദിവസത്തിനിടെ പാര്‍ട്ടി വിട്ടത്. ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പുറത്തുപോയത്.

സീറ്റ് കിട്ടാത്തവരില്‍ പ്രതിഷേധമുള്ള നിരവധിപേര്‍ ഇനിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ സിറ്റിംഗ് എംഎൽഎമാർ ഉയർത്തുന്ന വെല്ലുവിളി അവഗണിച്ച് പ്രചാരണവുമായി മുന്നോട്ടു പോകാനാണ് എഎപി തീരുമാനം. ആദ്യഘട്ടത്തില്‍ പദയാത്രകളാണ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ നടത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം മികച്ച പങ്കാളിത്തമാണ് എഎപിയുടെ പദയാത്രകളില്‍ കാണാന്‍ കഴിയുന്നത്. വീടുകള്‍ കയറിയുള്ള പ്രചാരണവും എഎപി തുടങ്ങിക്കഴിഞ്ഞു.