ദില്ലി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനെ ചൊല്ലി ബിഹാറിലെ ജെഡിയു ബിജെപി സഖ്യത്തിൽ മുറുമുറുപ്പ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായേക്കുമെന്ന് ബി ജെ പി മുന്നറിയിപ്പ് നൽകിയതായാണ് സൂചന.

സ്വന്തം നാട്ടിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തോട് മുഖ്യമന്ത്രി നിതീഷ് കുമാർ മുഖം തിരിച്ചതിലുള്ള അമർഷമാണ് ഒരാഴ്ച മുൻപ് ദില്ലിയിലെ റയിൽവേ സ്റ്റേഷന് സമീപം കണ്ടപ്പോൾ തൊഴിലാളിയായ മുഹമ്മദ് അസ്ലം പങ്കുവച്ചത്. തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നത് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്കെതിരാകുമെന്ന നിതീഷ് കമാറിൻ്റെ നിലപാട് ബിഹാറിലെ 27 ലക്ഷം തൊഴിലാളികളിലുണ്ടാക്കിയ എതിർപ്പ് ചെറുതല്ല. അപകടം മണത്ത ഉപമുഖ്യമന്ത്രി BJP യുടെ സുശീൽ മോദി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർ നിതീഷ് കുമാറിനോട് സംസാരിച്ചു. തുടർന്നാണ്, ഒക്ടോബർ - നവംബർ മാസത്തോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതം മനസിലാക്കി നിതീഷ് കുമാർ നിലപാട് മാറ്റിയത്. 

തൊഴിലാളി വോട്ട് ബാങ്കിൻ്റെ ശക്തിയെന്തെന്നറിയാവുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി തൊഴിൽ വാഗ്ദാനം ചെയ്ത് തൊഴിലാളികളെ കൊണ്ടു പോയപ്പോൾ നിതീഷ് കുമാറിൻറെ നിസംഗത ബി ജെ പി യെ അമ്പരപ്പിച്ചു. പൗരത്വ രജിസ്ട്രി ബിഹാറിൽ നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞതും ബി ജെ പി ക്ക് തലവേദനയായിരുന്നു. സഖ്യത്തിലെ ഈ കല്ലുകടി മുതലാക്കാൻ തല്ക്കാലം സംസ്ഥാനത്തെ ആർജെഡി കോൺഗ്രസ് സഖ്യത്തിനായിട്ടില്ല.