Asianet News MalayalamAsianet News Malayalam

'മിണ്ടിപ്പോവരുതെന്ന് പറഞ്ഞു', സോണിയ ഗാന്ധിക്കെതിരെ നിര്‍മല സീതാരാമന്‍, രാജ്യസഭ നിര്‍ത്തിവെച്ചു

ഇഡി നടപടിക്കെതിരെ പാര്‍ലമെന്‍റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. 

conflict in rajya sabha against adhir ranjan chowdhury s remarks against the President
Author
Delhi, First Published Jul 28, 2022, 2:31 PM IST

ദില്ലി: രാഷ്ട്രപതിക്കെതിരായ ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തിന് എതിരെ രാജ്യസഭയില്‍ ബഹളം. സഭ മൂന്നുമണി വരെ നിര്‍ത്തിവെച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതിന് എതിരെയാണ് പ്രതിഷേധം. ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെ അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ത്തി. അതിനിടെ സ്മൃതി ഇറാനിയോട് മിണ്ടിപ്പോവരുതെന്ന് പറഞ്ഞ് സോണിയ ഗാന്ധി തട്ടിക്കയറിയെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

ഇഡി നടപടിക്കെതിരെ പാര്‍ലമെന്‍റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി. നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. അതേസമയം ജിഎസ്ടി വർദ്ധനവിൽ പ്രതിഷേധിച്ച മൂന്ന് അംഗങ്ങളെക്കൂടി രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽ നിന്ന് കേരളത്തിലെ മൂന്ന് പേരുൾപ്പടെ 19 പേരെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. 

ഇന്നലെ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെതിരെയും നടപടി വന്നു. ഇന്ന് എഎപിയുടെ സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പാഠക്, അസമിലെ സ്വതന്ത്ര അംഗം അജിത് കുമാർ ഭുയിയാൻ എന്നിവരെയാണ് രണ്ടു ദിവസത്തേക്ക് ഇന്ന് സസ്പെൻഡ് ചെയ്തത്. സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴാണ് ഈ നടപടി. രാത്രിയും പകലുമായി നടപടി നേരിട്ട എംപിമാർ ധർണ്ണ തുടരുകയാണ്. പ്രതിപക്ഷ നേതാക്കൾ കൂട്ടായും ഇന്ന് പ്രതിഷേധിച്ചു. ജിഎസ്ടി വിഷയത്തിൽ തിങ്കളാഴ്ച ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും അംഗങ്ങളെ തിരിച്ചെടുക്കാതെ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

Follow Us:
Download App:
  • android
  • ios