ദില്ലി: സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പൂർത്തിയാക്കി. പ്രശ്നത്തിൽ തുടർചർച്ചകൾക്കായി മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെയും മോദി ചുമതലപ്പെടുത്തി. ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും, കോടതിവിധികളിലെ നീതി നിഷേധമാണ് ചർച്ച ചെയ്യേണ്ടതെന്നും ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും യാക്കോബായ സഭാപ്രതിനിധികൾ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിയിൽ വിട്ടുവീഴ്ച ചെയ്യാൻ ഓർത്തഡോക്സുകാർ തയ്യാറല്ല.

അതേസമയം, സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. വലിയ ക്രമസമാധാന പ്രശ്നമായി വരുന്ന കാര്യമാണ് സഭാ തർക്കം. അതിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണ്. അതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും തൃശ്ശൂരിൽ കേരളപര്യടനത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

നീതിനിഷേധത്തിന്‍റെ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭാ പ്രതിനിധികൾ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടു. പള്ളിപിടുത്തം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണം. തുല്യനീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും, പ്രധാനമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും യാക്കോബായ പ്രതിനിധികൾ പറയുന്നു.

വിധികളിലെ നീതിനിഷേധമാണ് ചർച്ച ചെയ്യേണ്ടത്. കോടതി വിധി നടപ്പാക്കാൻ വേണ്ടി ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. വിശ്വാസപരമായ വിഷയങ്ങളിൽ  കോടതി വിധി നിലനിൽക്കുമ്പോൾ തന്നെ സർക്കാരിനും ഇടപെടാനും കഴിയുമെന്നും യാക്കോബായ പ്രതിനിധികൾ. 

ഇതിനിടെ, യാക്കോബായ - ഓർത്തഡോക്സ് സഭ തർക്കം നിയമനിർമാണത്തിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭ നടത്തിയ അവകാശ സംരക്ഷണ യാത്ര സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിച്ചു. വയനാട്ടിലെ മീനങ്ങാടിയിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് യാത്ര തുടങ്ങിയത്. വിശ്വാസികൾ ഒപ്പുവച്ച ഭീമഹർജി യാക്കോബായ സഭ ഗവർണർക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കും. ജനുവരി ഒന്നിന് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാനും സഭ തീരുമാനിച്ചു. സർക്കാരിൽ വിശ്വാസമുണ്ടെന്നും സഭയുടെ വിഷമങ്ങൾ സംസ്ഥാന സർക്കാർ മനസ്സിലാക്കിയിട്ടുണ്ടെന്നും സമരം ഉദ്‌ഘാടനം ചെയ്ത തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

മിസ്സോറാം ഗവർണര്‍ ശ്രീധരൻ പിള്ളയും സഭാപ്രതിനിധികളുടെ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.