മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് തന്ത്രങ്ങള്‍ മെനയുന്ന ബിജെപിക്ക് ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാൻ തന്നെ വലിയ അധ്വാനം നടത്തണമെന്നതാണ് നിലവിലെ സാഹചര്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടിയിലുണ്ടാക്കുന്ന കലഹം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ബിജെപി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്തും തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ മുന്‍പിലും വരെ പ്രാദേശിക നേതാക്കള്‍ പ്രതിഷേധിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് ജില്ല പഞ്ചായത്ത് അംഗത്വത്തിന്‍റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഓരോ ദിവസവും പ്രതിഷേധം ശക്തമായോടെ പ്രശ്ന പരിഹാരത്തിനായി ഊര്‍ജിത ശ്രമത്തിലാണ് ബിജെപി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് തന്ത്രങ്ങള്‍ മെനയുന്ന ബിജെപിക്ക് ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാൻ തന്നെ വലിയ അധ്വാനം നടത്തണമെന്നതാണ് നിലവിലെ സാഹചര്യം. നഗാഡ, ചച്ചൗര, ഷിയോപൂർ, സത്ന , മയ്ഹാർ, സിദ്ദി തുടങ്ങിയ മേഖലകളില്‍ പാർട്ടിക്കുളില്‍ ആഭ്യന്തരപ്രശ്നമുണ്ട്. കൂടുതല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും തോറും പ്രശ്നങ്ങളും വര്‍ധിക്കുകയാണ്.

ബൈതുലിലെ പ്രാദേശിക നേതാക്കള്‍ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്തിനുള്ളില്‍ കുത്തിയിരിപ്പ് നടത്തി മുദ്രാവാക്യം വിളിച്ചാണ് സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധിച്ചത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ചർച്ചയിലായിരുന്നപ്പോഴായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി ആസ്ഥാനത്ത് നിന്ന് ചർച്ച കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴും സ്ഥാനാർത്ഥിയെ മാറ്റണമെന്ന പ്രതിഷേധം ഉയര്‍ന്നു. പരിഹാരമുണ്ടാക്കുമെന്ന മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കാന്‍ പ്രവർത്തകരും നേതാക്കളും തയ്യാറായില്ല. ദൃശ്യങ്ങള്‍ പകർത്തുന്നതില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രമന്ത്രി വിലക്കുകയും ചെയ്തു. എല്ലായിടത്തും പ്രശ്നമുണ്ടെന്നും ഒന്നും ശരിയാകുന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നും ബൈതുലിലെ ബിജെപി നേതാവ് മഗർദ്വാജ് സൂര്യവാൻഷി പറഞ്ഞു. പ്രാദേശികള്‍ പ്രശ്നങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് എത്രയും വേഗം പരിഹരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശം. എംപിമാരെയും മന്ത്രിമാരെയും മത്സരിപ്പിക്കുന്നതില്‍ അടക്കമുള്ള താഴത്തട്ടിലെ പ്രതിഷേധം പരിഹരിക്കാതിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇടഞ്ഞ് നില്‍ക്കുന്നവർ നേതൃത്വത്തെ അറിയിച്ചുണ്ട്.


അഞ്ചിലങ്കം! ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന് ആദ്യ സർവെ ഫലം, മധ്യപ്രദേശിൽ കോൺഗ്രസ് 125 സീറ്റുകൾ വരെ നേടിയേക്കാം

Asianet News Live | Israel - Hamas War | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Latest News Updates #Asianetnews