തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെയും, രാഹുലിന്‍റെ പുതിയ യാത്രയുടെയും തിരക്ക് പറഞ്ഞ് നേതൃത്വം തല്‍ക്കാലം തലയൂരുകയാണ്

ദില്ലി: മോദിയുടെ അയോധ്യ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയാണ് മോദിയുടെ ചെയ്തികളെന്ന് കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും അപലപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണമെന്ന് ശിവസേന പരിഹസിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

അതേസമയം ലോക് സഭ തെരഞ്ഞെടുപ്പിനുള്ള അജണ്ട പ്രധാനമന്ത്രി നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മതപരമായ ഒരു ചടങ്ങിനെ രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഉപയോഗിക്കുന്നു. ഇത് മതേതരത്വത്തോടുള്ള വെല്ലുവിളിയാണ്.ശ്രീരാമന്‍ എങ്ങനെ ബിജെപിയുടേത് മാത്രമാകുമെന്ന് കോണ്‍ഗ്രസും ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും ചോദിച്ചു. അയോധ്യ ആഘോഷത്തിന് ബിജെപിയുടെ ചീട്ട് വേണ്ട. രാമനെ കുത്തകയാക്കാന്‍ നോക്കി ആ ബിംബത്തെ ഇകഴ്ത്താനാണ് ബിജെപിയുടെ ശ്രമമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

അതേ സമയം രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെയും, രാഹുലിന്‍റെ പുതിയ യാത്രയുടെയും തിരക്ക് പറഞ്ഞ് നേതൃത്വം തല്‍ക്കാലം തലയൂരുകയാണ്. ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന സമാജ് വാദി പാര്‍ട്ടിയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്.

ഡിംപിള്‍ യാദവിന് പിന്നാലെ നടത്തിയ പ്രസ്താവനകളില്‍ അഖിലേഷ് യാദവ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയെ ക്ഷണിക്കരുതെന്ന് അയോധ്യയില്‍ വെടിയേറ്റ് മരിച്ച കര്‍സേവകരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. കര്‍സേവകര്‍ക്ക് നേകരെ വെടിവയ്പ് ഉണ്ടായത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ് ആക്ഷേപം.