കോൺഗ്രസ് വിളിച്ച ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെങ്കിലും ഘടകകക്ഷികളിൽ ഭിന്നത രൂക്ഷമാണ്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും, രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ജെഎംഎമ്മും യോഗത്തിൽ അതൃപ്തി അറിയിക്കും

ദില്ലി: കോൺഗ്രസ് വിളിച്ച നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ്. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. പന്ത്രണ്ട് മണിക്ക് ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. പശ്ചിമബംഗാളിലെ തൃണമൂല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും, കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കും. നാളത്തെ യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി ദില്ലിയിലെത്തിയിട്ടുണ്ട്. ഘടകക്ഷികളുടെ അതൃപ്തി തുടരുന്നതിനിടെയാണ് ഇന്ത്യ സഖ്യം നാളെ യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡിൽ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ജെ എം എമ്മും തീരുമാനിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സി പി എം പങ്കെടുത്ത് പ്രതിഷേധം അറിയിക്കും

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും യോഗത്തിൽ അറിയിക്കാനാണ് സി പി എം തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസിയായ ഇ ഡി എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന 'മോദി - പിണറായി ഡീൽ' പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നുമാണ് ബേബിയുടെ വിമർശനം. ഇന്ത്യ സംഖ്യ യോഗത്തിൽ പങ്കെടുത്തുകൊണ്ട് സി പി എം തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കാനാണ് തീരുമാനം. ജനറല്‍ സെക്രട്ടറിയോ പി ബി അംഗങ്ങളോ പങ്കെടുക്കാത്ത നാളത്തെ യോഗത്തിലേക്ക് ജോണ്‍ ബ്രിട്ടാസ് എം പിയാകും പ്രതിനിധിയായി എത്തുക. ജാര്‍ഖണ്ഡിലെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെ എം എമ്മും പ്രതിഷേധം അറിയിക്കും.

ഡി എം കെ പങ്കെടുക്കില്ല

ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡി എം കെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നുമാണ് എം കെ സ്റ്റാലിനും ഡി എം കെയും അറിയിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതൽ അതിന്റെ ശക്തമായ നെടുംതൂണായി പ്രവർത്തിച്ചിരുന്നത് സ്റ്റാലിൻ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് എല്ലാ കക്ഷികൾക്കും ബോധ്യമുള്ള കാര്യമാണെന്നും പാർട്ടി ഓർമ്മിപ്പിച്ചിരുന്നു. കോൺഗ്രസ് നയിക്കുന്ന കൂട്ടായ്മയോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്നും മാറിനിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡി എം കെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിലെ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും ഉണ്ടാകുമെന്നും തങ്ങൾ ഉയർത്തിയ പോരാട്ടങ്ങളിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

YouTube video player