വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവ‍ർ മന്ത്രിമാരാകും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധിയും എത്തും.

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺ​ഗ്രസ് അധികാരത്തിൽ പങ്ക് നേടുന്നത്. മേലൂർ എംഎൽഎ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവ‍ർ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതേസമയം, നാളെ നടക്കുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധിയും എത്തും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക.

Add Asianetnews as a Preferred SourcegooglePreferred

1952ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ സഖ്യസർക്കാർ ചുമതലയേൽക്കുന്നത്. 1967ന് ശേഷമാണ് സംസ്ഥാനത്ത് ആദ്യമായി കോൺഗ്രസിന് മന്ത്രിമാരും എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങിൽ പി വിശ്വനാഥൻ സത്യപ്രതിജ്ഞ ചെയ്യും. തമിഴ്നാട്ടിൽ കോൺഗ്രസ് അവസാനനിമിഷം പ്രഖ്യാപിച്ച സ്ഥനാർഥി ആയിരുന്നു പി വിശ്വനാഥൻ. ദളിത്‌ നേതാവാണ്. ജനറൽ സീറ്റിൽ ആണ് അദ്ദേഹം മത്സരിച്ചത്. കന്യാകുമാരിയിൽ നിന്നാകും കോൺഗ്രസിന്റെ രണ്ടാം മന്ത്രി വരുന്നത്. രാജേഷ് കുമാർ ആണ് മന്ത്രിയാകാൻ സാധ്യത. വനിതയെയും പരിഗണിച്ചേക്കും. രാജേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ പിന്നീട് മന്ത്രിസഭ വിപുലീകരണഘട്ടത്തിൽ ആയിരിക്കും. നാളെ ഒരു കോൺഗ്രസ് മന്ത്രി മാത്രം ചുമതലയേൽക്കും.

കോൺഗ്രസ്സ് എംഎൽഎമാർ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തി. രാത്രി 11:45ന് ചെന്നൈയിൽ എത്തും. വിജയ്‌യും 9 മന്ത്രിമാരും ആണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. നാളെ 3 മണിക്ക് ആദ്യ ക്യാബിനറ്റ് യോഗം ചേരും. രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. നാളെ 10 മണിക്കാണ് സത്യപ്രതിജ്ഞ. നിയമന ഉത്തരവ് ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് കൈമാറി. 5 നാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നത്.

അതേസമയം, ഒറ്റ വോട്ട് തോൽവിയെ തുടർന്ന് ഡിഎംകെ മുൻമന്ത്രി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തിരുപ്പത്തൂരിൽ തോറ്റ പെരിയകറുപ്പൻ ആണ് ഹർജി നൽകിയത്. വിജയിച്ച ടിവികെ സ്ഥാനാർഥിയെ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുത് എന്നാവശ്യം. ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News