മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസനേയ്ക്ക് കോൺ​ഗ്രസും എൻസിപിയും പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ർട്ടികളും ​ഗവ‌ണ‌ർക്ക് ഫാക്സ് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എൻസിപി സേനാ സ‌‌ർക്കാരിനെ കോൺ​ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരിക്കും ചെയ്യുകയെന്നാണ് സൂചന. പിന്തുണയുടെ കാര്യത്തിൽ ഉറപ്പ് കിട്ടിയ ശേഷമാണ് ശിവസേനാ സംഘം രാജ്ഭവനിലേക്ക് പുറപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. 

ഉദ്ധവ് താക്കറെയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു. അഞ്ച് മിനുട്ടോളം നേരം ഫോൺ സംഭാഷണം നീണ്ടു നിന്നുവെന്നാണ് റിപ്പോ‌ർട്ട്. ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നായിരുന്നു എൻസിപി നിലപാട്, അതല്ലെങ്കിൽ മറ്റേതെങ്കിലും മുതിർന്ന നേതാവിന് അവസരം നൽകണമെന്നാണ് നിർദ്ദേശം. ഈ ആവശ്യം പവാർ ഉദ്ധവ് താക്കറയെ നേരിട്ട് അറിയിച്ചിരുന്നു. പാ‌ർട്ടികൾ തമ്മിലെത്തിച്ചേ‌ർന്ന അന്തിമ ധാരണയെന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല.

കേന്ദ്രമന്ത്രി പദം രാജിവച്ച് എൻഡിഎയിൽ നിന്ന് പൂർണമായി വിട്ട് വന്നാൽ മാത്രേമേ പിന്തുണയ്ക്കൂ എന്ന എൻസിപിയുടെ ആവശ്യം പോലെ തന്നെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് ഇന്ന് രാവിലെ രാജി സമർപ്പിച്ചിരുന്നു.  ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് കടുത്ത എതിർപ്പാണ് ഹൈക്കമാൻ‍ഡിനുണ്ടായിരുന്നത്. എന്നാൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന വികാരമാണ് ഒടുവിൽ പിന്തുണ കത്ത് ഫാക്സ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ശിവസേന- എൻസിപി സർക്കാരിനോട് എതിർപ്പില്ലെന്ന് സിപിഎമ്മും നിലപാടറിയിച്ചു. ബിജെപിയെ മാറ്റി നിറുത്താനുള്ള നടപടിയായിട്ടാണ് സിപിഎം കേന്ദ്ര നേതൃത്വം നീക്കത്തെ വിലയിരുത്തുന്നത്. എന്നാൽ സിപിഎം എംഎൽഎ ഈ സഖ്യത്തിന് പിന്തുണ എഴുതി നൽകില്ല. അതിൻ്റെ ആവശ്യമില്ലെന്നും സിപിഎം പിന്തുണയില്ലാതെ തന്നെ കേവല ഭൂരിപക്ഷമുണ്ടെന്നുമാണ് പാർട്ടി വിശദീകരണം. 

കണക്കിലെ കളിയെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് 44 സീറ്റുകളാണ് ഉള്ളത്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇ‍ടിഞ്ഞു. ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോർമുല വേണണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഇത് അം​ഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്ത ബിജെപി സ‌ർക്കാരുണ്ടാക്കാനാകില്ലെന്ന് ​ഗവർണറെ അറിയിച്ചു.