2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ. കേരളത്തിൽ നിന്ന് ബെന്നി ബഹ്നാൻ എം പിക്കും തെരഞ്ഞെടുപ്പിൽ എ ഐ സി സി നേതൃത്വം ചുമതല നൽകിയിട്ടുണ്ട്. മേഘാലയയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയാണ് ബെന്നി ബഹ്നാനെ ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്.

വാജ്പേയി സമാധി സ്ഥലം സന്ദര്‍ശിച്ച് രാഹുൽ ഗാന്ധി, ഒപ്പം പുഷ്പാര്‍ച്ചനയും; പ്രതികരിച്ച് ബിജെപി

അതേസമയം കോൺഗ്രസ് പ്രവർത്തകർക്ക് സന്തോഷം നൽകുന്ന മറ്റൊരു വാ‍ർത്ത ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗങ്ങളെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി എന്നതാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനും അപ്പുറം പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുലിന്‍റേതെന്നും എം കെ സ്റ്റാലിൻ ചൂണ്ടികാട്ടി. രാഹുലിന്‍റെ പ്രസംഗങ്ങളിൽ ഗോഡ്സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകുമെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ഗോപണ്ണയുടെ ' മാമനിതര്‍ നെഹ്‌റു ' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് തമിഴ്നാട് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും വാഴ്ത്തി രംഗത്തെത്തിയത്. നേരത്തെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് തുടക്കമിട്ട് തമിഴ്നാട്ടിൽ നടന്ന പരിപാടിയിൽ എം കെ സ്റ്റാലിനാണ് രാഹുലിന് പതാക കൈമാറിയത്. തമിഴ്നാടും കേരളവും കടന്ന യാത്ര വിവിധ സംസ്ഥാനങ്ങളും പിന്നിട്ട് ദില്ലിയിലെത്തി നിൽക്കുകയാണ്.