വാജ്പേയി സ്മാരകത്തിലെത്തിയ രാഹുൽ എന്തുകൊണ്ടാണ് നരസിംഹറാവുവിന്‍റെ സമാധി സ്ഥലം സന്ദർശിക്കാത്തതെന്നും ബി ജെ പി ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

ദില്ലി: ഭാരത് ജോഡോ യാത്രയ്ക്കിടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബി ജെ പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ വാജ്പേയി സ്മാരകത്തിലെത്തിയത്. വാജ്പേയി സമാധി സ്ഥലത്ത് പ്രണാമം അർപ്പിച്ച രാഹുൽ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്. കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മാരക സ്‌മാരകമായ 'സദൈവ് അടലിൽ' രാഹുൽ എത്തി വണങ്ങിയെന്നും ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. ബഹുമാനം നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യമാണെന്നും രാജ്യത്തിന്‍റെ എല്ലാ സമ്പന്നമായ പാരമ്പര്യവും ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

എന്നാൽ രാഹുൽ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദർശനത്തിന് പിന്നാലെ ബി ജെ പി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാമറക്ക് മുൻപിലെ രാഹുൽ ഗാന്ധിയുടെ നാടകമാണ് വാജ്പേയി സമാധി സ്ഥലത്തെ സന്ദർശനമെന്നാണ് ബി ജെ പി പ്രതികരിച്ചത്. വാജ്പേയി സ്മാരകത്തിലെത്തിയ രാഹുൽ എന്തുകൊണ്ടാണ് നരസിംഹറാവുവിന്‍റെ സമാധി സ്ഥലം സന്ദർശിക്കാത്തതെന്നും ബി ജെ പി ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദില്ലിയിൽ, ഇ പിക്കെതിരായ ആരോപണം പി ബി ചർച്ച ചെയ്യുമോ? തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യം മറുപടി!

അതേസമയം നേരത്തെ ദില്ലി പൊലീസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ഭാരത് ജോഡോ യാത്രാ കണ്ടെയ്നറിൽ പരിശോധന നടത്തിയെന്ന പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സഹായി തങ്ങുന്ന കണ്ടെയ്നറിൽ മുന്നറിയിപ്പ് ഇല്ലാതെ പരിശോധന നടത്തിയെന്നാണ് പരാതി. ഹരിയാന അതിർത്തിയിൽ 23 നാണ് സംഭവം നടന്നതെന്നും കോൺഗ്രസ് പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹരിയാന സോന സിറ്റി പൊലീസിലാണ് കോൺഗ്രസ് പരാതി നൽകിയത്. യാത്രക്കിടെ രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്നവരെ ഇന്‍റലിജൻസ് ചോദ്യം ചെയ്യുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. രാഹുൽ എന്ത് പറഞ്ഞു, രാഹുലിന് നൽകിയ നിവേദനത്തിന്‍റെ ഉള്ളടക്കമെന്ത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. നരേന്ദ്ര മോദിയും അമിത് ഷായും യാത്രയെ ഭയപ്പെട്ട് തുടങ്ങിയെന്ന് അഭിപ്രായപ്പെട്ട് പാർട്ടി വക്താവ് ജയറാം രമേശ് രംഗത്തെത്തുകയും ചെയ്തു.