Asianet News MalayalamAsianet News Malayalam

മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കും; ഭരണഘടനയെ ജീവൻ ത്യജിച്ചും സംരക്ഷിക്കും: സോണിയ ഗാന്ധി

  • ചെറുകിട കച്ചവടക്കാരെ മോദി സ‍ര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തകര്‍ത്തു
  • കള്ളപ്പണം വാഗ്ദാനം ചെയ്ത പോലെ എന്തുകൊണ്ട് ഇന്ത്യയിലേക്ക് എത്തിയില്ല?
congress bharat bachao rally Sonia gandhi attacks Modi-Shah
Author
Ram Leela Maidan, First Published Dec 14, 2019, 2:43 PM IST

ദില്ലി: രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ കേന്ദ്രസ‍ര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭരണഘടനയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസ‍ര്‍ക്കാരിന്റേതെന്ന് പറഞ്ഞ സോണിയ ഗാന്ധി, ജീവൻ ത്യജിച്ചും കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കുമെന്നും പറ‌ഞ്ഞു.

"പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുമെന്ന കാര്യം മോദിയും അമിത് ഷായും പരിഗണിക്കുന്നേയില്ല. രാജ്യത്തെ തക‍ര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. പക്ഷെ ഞാനുറപ്പ് പറയുന്നു, നീതി നിഷേധിക്കപ്പെടുന്നവരുടെ ഒപ്പം കോൺഗ്രസ് നിൽക്കുക തന്നെ ചെയ്യും."

"തോന്നുമ്പോൾ ഭരണഘടനയുടെ അനുച്ഛേദവും സംസ്ഥാനത്തിന്റെ സ്റ്റാറ്റസും മാറ്റുകയാണവര്‍. തോന്നുമ്പോൾ രാഷ്ട്രപതി ഭരണം ഏ‍ര്‍പ്പെടുത്തുകയും ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്യും. ഭരണഘടനയെ ഓരോ ദിവസവും അതിലംഘിച്ച ശേഷം ഭരണഘടനാ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. രാജ്യത്തെ രക്ഷിക്കേണ്ട സമയം എത്തിക്കഴിഞ്ഞിരിക്കുന്നു. അതിന് വേണ്ടി നമ്മൾ പോരാടണം. "

"ചെറുകിട കച്ചവടക്കാരെ മോദി സ‍ര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തകര്‍ത്തു. അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. എല്ലാവർക്കും എല്ലായിടത്തും വികസനം എന്നാണ് മോദി സർക്കാർ പറയുന്നത്. എവിടെയാണ് വികസനം. മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും."

"കള്ളപ്പണം വാഗ്ദാനം ചെയ്ത പോലെ എന്തുകൊണ്ട് ഇന്ത്യയിലേക്ക് എത്തിയില്ല എന്ന കാര്യത്തിൽ അന്വേഷണം വേണ്ടേ? കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്ഗ്രസ്സ് മുന്നോട്ട് വരികയാണ്.  കുടുതൽ ശക്തമായ സമരം ഏറ്റെടുക്കണം," എന്നും അവ‍ര്‍ രാംലീല മൈതാനിയിൽ കോൺഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

 

Follow Us:
Download App:
  • android
  • ios