ഇന്നത്തെ യോഗ ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സോണിയ ഗാന്ധിക്ക് കൈമാറും
ദില്ലി: കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിന് മുന്നോടിയായി വിവിധ സമിതികള്‍ ഇന്നും യോഗം ചേരും. പല മേഖലകളിലായി ആറ് സമിതികളാണ് രൂപീകരിച്ചത്. ഇന്നത്തെ യോഗ ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സോണിയ ഗാന്ധിക്ക് കൈമാറും. നാളെ സമിതി അധ്യക്ഷന്മാരുമായി സോണിയാഗന്ധി ചര്‍ച്ച നടത്തിയാകും ചിന്തന്‍ ശിബിര്‍ അജണ്ടക്ക് അന്തിമ രൂപം നല്‍കുക. അജണ്ട ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതിയും തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്.
സമൂലമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ ; കോൺഗ്രസിന്‍റെ മുഖം മാറ്റാൻ ചിന്തിൻ ശിബിർ അടുത്ത ആഴ്ച
കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണമെന്ന് ചിന്തന്‍ ശിബിറിന് മുന്നോടിയായി ദില്ലിയില്‍ ചേര്‍ന്ന വിവിധ സമിതികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ചിന്തന്‍ ശിബിറില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ആറ് സമിതികളാണ് യോഗം ചേരുന്നത്. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാര്‍ഷിക മേഖല ഇങ്ങനെ ആറ് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍. അജണ്ട നിശ്ചയിക്കുന്നതിന് മുന്നോടിയായി ആറ് സമിതികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സോണിയ ഗാന്ധി പരിശോധിക്കും. സംഘടന തലത്തിലടക്കം നിര്‍ണ്ണായക മാറ്റങ്ങള്‍ക്കാകും ചിന്തന്‍ ശിബിറില്‍ കളമൊരുങ്ങുക.
രാഹുൽ ഭാരത പര്യടനം നടത്തണമെന്ന് ചെന്നിത്തല
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി ഭാരത പര്യടനം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സംഘടന കാര്യസമിതിയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഡി സി സി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പി സി സി കള്‍ക്ക് നല്‍കണം, ചെറിയ സംസ്ഥാനങ്ങളില്‍ പി സി സി അംഗങ്ങളുടെ എണ്ണം 50 ആക്കണം. വലിയ സംസ്ഥാനങ്ങളില്‍ 100 ആക്കണം, എ ഐ സി സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ചെന്നിത്തല മുന്നോട് വച്ചു.
മെയ് പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ ചിന്തൻശിബിർ
രാജസ്ഥാനിലെ ഉദയ്പൂരിലാണ് കോൺഗ്രസിന്‍റെ ചിന്തൻശിബിർ ചേരുന്നത്. മെയ് പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ സംഘടനപരമായി ശക്തിപ്പെടുത്തുന്ന ആലോചനകള്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളിലും വിശദമായ ചർച്ച നടക്കും. ജി 23 നേതാക്കാളായ ഗുലാംനബി ആസാദ്, ശശിതരൂര്‍, ആനന്ദ് ശർമ ഉള്‍പ്പെടെയുള്ളവരും വിവിധ സമതിയില്‍ ഉണ്ട്. തരൂര്‍ രാഷ്ട്രീയ കാര്യ സമിതിയിലും രമേശ് ചെന്നിത്തല സംഘടന കാര്യ സമിതിയിലും അംഗങ്ങളാണ്. ആന്‍റോ ആൻറണി, റോജി എം ജോണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ടെ സമിതിക്കാണ് സാമൂഹ്യ നീതി, യുവ ശാക്തികരണ വിഷയങ്ങളില്‍ ചർച്ചകള്‍ക്കുള്ള ചുമതല. 9 വർഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ചിന്തൻ ശിബിർ ചേരുന്നത്. ആകെ ആറ് സമിതികളെയാണ് ചിന്തിൻ ശിബിറിന്‍റെ അജൻഡകൾ നിശ്ചയിക്കാനും മറ്റുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്. സമിതികള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി വിലയിരുത്തും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ നടക്കുന്ന അഴിച്ചുപണിയുടെയും, തുടര്‍നടപടികളുടെയും ഒരു ബ്ലൂ പ്രിന്‍റ് ചിന്തന്‍ ശിബിറില്‍ തയ്യാറാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.
