ദില്ലി: നേതൃത്വ പ്രശ്നം സംബന്ധിച്ച് പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തയച്ച നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ്വിജയ് സിം​ഗ്. പാർട്ടി വേദിയിൽ പറയാതെ കത്തെഴുതിയത് എന്തിനാണെന്ന് ദി​ഗ്വിജയ് സിം​ഗ് ചോദിച്ചു. രാഹുൽ ഗാന്ധി വീണ്ടും അദ്ധ്യക്ഷനാകണം. രാഹുൽ ഗാന്ധിയെക്കാൾ കേമന്മാർ ഉണ്ടെങ്കിൽ മുന്നോട്ടു വരട്ടെ എന്നും ദി​ഗ്വിജയ്‌ സിംഗ് പറഞ്ഞു.

അതേസമയം, പാർട്ടി ഭരണഘടന സംരക്ഷിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ പാർട്ടി 50 വർഷത്തേക്ക് അധികാരത്തിൽ വരില്ലെന്ന് ഗുലാംനബി ആസാദും അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം നിര്‍ദ്ദേശിച്ച നേതാക്കളെ ഒതുക്കിക്കൊണ്ടുള്ള നീക്കം ഹൈക്കമാന്റ് നടത്തിയിരുന്നു. രാജ്യസഭയിലേയും ലോക്സഭയിലേയും തീരുമാനങ്ങളെടുക്കുന്ന സമിതികളിൽ ഔദ്യോഗിക നേതൃത്വവുമായി ചേര്‍ന്ന് നിൽക്കുന്നവരെ ഉൾപ്പെടുത്തിയാണ് പുതിയ നീക്കം. 23 നേതാക്കളാണ് കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍റിന് കത്തെഴുതിയത്. സ്ഥിരം അധ്യക്ഷ പദവി വേണമെന്നും രാഷ്ട്രീയ തീരുമാനങ്ങൾ കാര്യക്ഷമമാകണമെന്നും തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്.

കത്ത് എഴുതിയതിനെ എതിര്‍ത്തും ന്യായികരിച്ചും ഹൈക്കമാന്റിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിനെ കുറിച്ചും എല്ലാം ചൂടേറിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ ഉയര്‍ന്നു വന്നത്. കോൺഗ്രസ് നേതൃത്വത്തെ പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ വിമര്‍ശിക്കുന്ന മുതിര്‍ന്ന നേതാക്കൾ അവരുടെ നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കമാന്‍റ് നടപടികൾ. 

ലോക്സഭയിൽ ഒഴിഞ്ഞു കിടന്ന പാർട്ടി ഡെപ്യൂട്ടി ലീഡർ പദവി അസമിൽ നിന്നുള്ള ഗൗരവ് ഗൊഗോയിക്ക് നല്കി. കത്തിലൊപ്പിട്ട മനീഷ് തിവാരിയെ ഒഴിവാക്കിയാണ് നീക്കം. രാജ്യസഭയിൽ തന്ത്രം രൂപീകരിക്കാനുള്ള സമിതിയിൽ കത്തെഴുതിയ നേതാക്കളെ ഒതുക്കി. നേതാവ്, ഉപ നേതാവ് എന്ന നിലയ്ക്ക് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ എന്നിവർ ഉണ്ടെങ്കിലും അഹമ്മദ് പട്ടേൽ, ജയറാം രമേശ്, കെ സി വേണുഗോപാൽ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. കപിൽ സിബലിനെയും മനു അഭിഷേക് സിംഗ്വിയേയും പരിഗണിച്ചില്ല.