ഭോപ്പാല്‍: മണ്‍സൂണ്‍ കാലത്തെ മഴയെ അതിജീവിക്കാനാകാതെ അടുത്തകാലത്ത് പണിത റോഡുകള്‍ തകര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് മധ്യപ്രദേശ് പിഡബ്ല്യുഡി മന്ത്രി സജ്ജന്‍ സിംഗ് വര്‍മ്മ ഉന്നയിച്ചത്.

മഴയ്ക്ക് ശേഷം റോഡ‍ുകളുടെ അവസ്ഥയെ കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് ഉയര്‍ന്നത്. ആരുടെ ഭരണകാലത്താണ് റോഡുകളുടെ നിര്‍മാണം നടന്നത് ഓര്‍ക്കുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. റോഡുകളുടെ നിര്‍മാണത്തിനായി ഒരുപാട് ഫണ്ടുകള്‍ ബിജെപി സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട്. എന്നാല്‍, ആ റോഡുകളെല്ലാം മഴയില്‍ തകര്‍ന്നു തരിപ്പണമായി.

ഈ വിഷയം അന്വേഷിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്ന് സജ്ജന്‍ സിംഗ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മിച്ച റോഡുകള്‍ എല്ലാം വളരെ മോശമായ അവസ്ഥയിലാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.